സ്ത്രീകളിലെ കാൻസർ: ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

  • 30/03/2023



എൻഡോമെട്രിയൽ കാൻസർ അല്ലെങ്കിൽ ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം, സ്തനാർബുദം തുടങ്ങിയ അർബുദങ്ങൾ സ്ത്രീകളെ ബാധിക്കാം. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് കാൻസർ ബാധിതരാകുന്നുണ്ട്. കാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. 

ബോധവത്കരണ പരിപാടികൾ, പ്രതിരോധ നടപടികൾ, സ്ക്രീനിംഗ് പ്രോഗ്രാമുകൾ, നേരത്തെയുള്ള രോ​ഗനിർണയം, ഉചിതമായ ചികിത്സ എന്നിവയിലൂടെ ഓരോ വർഷവും നിരവധി സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. എല്ലാ മനുഷ്യരും വ്യത്യസ്തരായതു പോലെ തന്നെ ഓരോ തരത്തിലുള്ള കാൻസറും വ്യത്യസ്തമാണ്. ഓരോന്നിനും വ്യത്യസ്ത തരത്തിലുള്ള ചികിൽസയും ആവശ്യമാണ്.

ഗൈനക്കോളജിക്കൽ കാൻസറുകൾക്ക് പലപ്പോഴും മറ്റ് രോഗങ്ങളുടേതിന് സമാനമായ ലക്ഷണങ്ങളുണ്ട്. സ്‌ക്രീനിംഗിലൂടെ മാത്രമേ സെർവിക്കൽ, സ്തനാർബുദം എന്നിവ കണ്ടെത്താനാകൂ. അതിനാൽ ചില ലക്ഷണങ്ങളിലൂടെ രോ​ഗത്തെ നേരത്തെ തിരിച്ചറിയുകയും ഗൈനക്കോളജിസ്റ്റുമായോ പ്രൈമറി കെയർ ഫിസിഷ്യനോടോ ചർച്ച ചെയ്യുന്നതിലൂടെ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി തടയാനാകുമെന്നും സികെ ബിർള ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമായ ഡോ. അരുണ കൽറ പറഞ്ഞു. ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട കാൻസർ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

അസാധാരണ രക്തസ്രാവം...

എൻഡോമെട്രിയൽ കാൻസർ രോഗികളിൽ 90% പേരിലും ക്രമരഹിതമായ രക്തസ്രാവം ഉണ്ടാകുന്നു. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം, സ്പോട്ടിംഗ് എന്നിവ കാണുന്നുണ്ടെങ്കിൽ നിർബന്ധമായും പരിശോധിക്കുക. കഠിനമായ രക്തസ്രാവം അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തസ്രാവം എന്നിവ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക. ഇത് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമായിരിക്കാമെന്ന് ഡോ. അരുണ കൽറ പറഞ്ഞു. 

സ്തനങ്ങളിൽ മാറ്റങ്ങൾ...

സ്തനത്തിലോ കക്ഷത്തിലോ മുഴകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. മുലക്കണ്ണിലെ അപാകതകൾ, സ്തനങ്ങളുടെ രൂപത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ സ്തനാർബുദത്തിന്റെതാകാം. സ്തനത്തിൽ അസാധാരണമായ മുഴകൾ, തടിപ്പ്, അല്ലെങ്കിൽ മുലക്കണ്ണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഡിസ്ചാർജ് എന്നിവ കണ്ടാലും ‍ഡോക്ടറെ കാണുക.

വയറുവേദന അല്ലെങ്കിൽ പെൽവിക് വേദന...

അടിവയറിലോ പെൽവിസിലോ സ്ഥിരമോ കഠിനമോ ആയ വേദന അണ്ഡാശയത്തിലോ മറ്റ് പ്രത്യുൽപാദന കാൻസറുകളിലോ ഉള്ള ഒരു ലക്ഷണമായിരിക്കാം.

ശരീരഭാരം കുറയുക...

നിങ്ങൾ ശ്രമിക്കാതെ ശരീരഭാരം കുറയുകയാണെങ്കിൽ അത് ക്യാൻസറിന്റെ ലക്ഷണമാകാം.

ചർമ്മത്തിലെ മാറ്റങ്ങൾ...

ഒരു മോളിന്റെ നിറത്തിലും വലുപ്പത്തിലും ആകൃതിയിലും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റ് കണ്ട് പരിശോധിക്കേണ്ടതാണ്.

Related Articles