ഈ വേനൽക്കാലത്ത് കൂളാകാൻ പുതിനയിലയും ഓറഞ്ചും ചേർത്തൊരു പാനീയം

  • 11/04/2023



വിവിധ ഭക്ഷണങ്ങളിൽ ഉപയോഗിച്ച് വരുന്ന ഔഷധ സസ്യമാണ് പുതിനയില. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വിഭവത്തിന്റെ സ്വാദും മണവും വർദ്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്ന പാചക ഔഷധങ്ങളിൽ ഒന്നാണ് പുതിന.

 പുതിനയുടെ നിരവധി ഗുണങ്ങൾ വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ. പുതിനയ്ക്ക് ശക്തമായ, ഉന്മേഷദായകമായ ഗന്ധമുണ്ട്. അത് സമ്മർദ്ദം ലഘൂകരിക്കാനും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാനും കഴിയും. പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് സമ്മർദ്ദം ലഘൂകരിക്കുന്നതിന് ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തെ പ്രേരിപ്പിക്കുന്നു.

പുതിനയിലയിലെ ആന്റിഓക്‌സിഡന്റ് റോസ്മാരിനിക് ആസിഡിന്റെ സാന്നിധ്യം ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിനും ഗുണം ചെയ്യും. കൂടാതെ, ഇത് ചർമ്മത്തിലെ കേടുപാടുകൾ തടയുകയും ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു. പുതിനയിലയിലെ സാലിസിലിക് ആസിഡിന്റെയും വിറ്റാമിൻ എയുടെയും ഗുണങ്ങൾ ചർമ്മത്തിലെ സെബം ഓയിലിന്റെ സ്രവങ്ങളെ നിയന്ത്രിക്കുന്നു.

പുതിനയിലെ അവശ്യ എണ്ണകൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പിത്തരസത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നിന്ന് മെച്ചപ്പെട്ട പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. ശരീരത്തിന് പോഷകങ്ങൾ ശരിയായി സ്വാംശീകരിക്കാനും ആഗിരണം ചെയ്യാനും കഴിയുമ്പോൾ, നിങ്ങളുടെ മെറ്റബോളിസം വർദ്ധിക്കുന്നു. 

പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. കഫവും മ്യൂക്കസും കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യ ഡീകോംഗെസ്റ്റന്റാണിത്. ഇത് പുറന്തള്ളുന്നത് എളുപ്പമാക്കുന്നു. പുതിനയുടെ പ്രധാന ഘടകമായ മെന്തോൾ രക്തസമ്മർദ്ദം നിയന്ത്രിക്കും. 

വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ പുതിനയില ചേർത്തൊരു ജ്യൂസ്...  

വേണ്ട ചേരുവകൾ...

ഓറഞ്ച് നീര് ഒരു കപ്പ്
നാരങ്ങാ നീര് രണ്ട് ടേബിൾ സ്പൂൺ
പുതിനയില അരക്കപ്പ്
പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ
സോഡ ഒരു കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മൂന്നോ നാലോ ടേബിൾ സ്പൂൺ വെള്ളം ചേർത്ത് പുതിന അരച്ചെടുക്കുക. പുതിന അരച്ചത് ഒരു പാത്രത്തിലേക്കു മാറ്റി നാരങ്ങാനീരും ഓറഞ്ച് നീരും പഞ്ചസാരയും ഓരോന്നായി ചേർത്തു യോജിപ്പിക്കുക. വിളമ്പുന്നതിനു തൊട്ടുമുൻപ് സോഡ ചേർക്കുക. 

Related Articles