കൊളസ്ട്രോള്‍ കൂടുതലായാല്‍ അത് മുഖത്ത് അറിയാം

  • 18/04/2023



കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീപ്രശ്നമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ കേവലം ജീവിതശൈലീരോഗമെന്ന അവസ്ഥയില്‍ നിന്ന് അല്‍പം കൂടി ഗൗരവമുള്ള പ്രശ്നമാണ് കൊളസ്ട്രോള്‍ എന്ന തിരിച്ചറിവിലേക്ക് ഇന്ന് മിക്കവരും എത്തിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയത്തിന് അടക്കം വെല്ലുവിളി ആയതിനാല്‍ തന്നെ അത്രയും പ്രാധാന്യം കൊളസ്ട്രോളിന് നല്‍കേണ്ടതുണ്ട്. 

കൊളസ്ട്രോളാണെങ്കില്‍ ബാധിക്കപ്പെട്ട് ആദ്യഘട്ടങ്ങളിലൊന്നും പ്രത്യേകിച്ച് പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്ത പ്രശ്നമാണ്. എന്നാല്‍ കൊളസ്ട്രോള്‍ അധികരിച്ചാല്‍ തീര്‍ച്ചയായും ശരീരത്തിലും ആകെ ആരോഗ്യത്തിലും ഇതിന്‍റെ സൂചനയായി പല ലക്ഷണങ്ങളും കാണാം. അത്തരത്തില്‍ കൊളസ്ട്രോള്‍ അമിതമാകുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

കണ്ണുകളോട് അനുബന്ധമായി...

കൊളസ്ട്രോള്‍ കൂടുമ്പോള്‍ അത് കണ്ണിന് അനുബന്ധമായി തന്നെ ചില വ്യത്യാസങ്ങള്‍ കാണിക്കും. അതായത് കണ്‍പോളയുടെ മുകളിലായി 'സോഫ്റ്റ്' ആയിട്ടുള്ള തടിപ്പ് വരുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. തൊലിയുടെ നിറത്തില്‍ നിന്ന് വ്യത്യസ്തമായ നിറമായിരിക്കും ഇതിനുണ്ടാവുക. അല്‍പം ഓറഞ്ച് കലര്‍ന്ന നിറമാണ് സാധാരണഗതിയില്‍ കാണുക. കണ്‍പോളയ്ക്ക് മുകളില്‍ കൊഴുപ്പ് അടിയുന്നത് മൂലമാണിത് കാണുന്നത്. എന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. ഇതും പ്രത്യേകം ഓര്‍മ്മിക്കുക. 

ഇതിന് പുറമെ കണ്ണില്‍ കൃഷ്ണമണിക്ക് ചുറ്റുമായി വെളുത്ത നിറത്തില്‍ തീരെ നേരിയ ഒരാവരണം കാണുന്നുണ്ടെങ്കില്‍ ഇതും കൊളസ്ട്രോള്‍ വളരെയധികം കൂടിയിരിക്കുന്നു എന്നതിന്‍റെ സൂചനയാകാം. പാരമ്പര്യമായി വീട്ടിലെ മിക്കവര്‍ക്കും കൊളസ്ട്രോള്‍ ഉള്ള കുടുംബാംഗങ്ങളില്‍ ധാരാളം പേരില്‍ ഈ സവിശേഷത കാണാറുണ്ട്. 

ചെറിയ തടിപ്പുകള്‍...

മുഖത്ത് കവിളിലും നെറ്റിയിലും മറ്റിടങ്ങളിലും നേരത്തെ കണ്‍പോളകള്‍ക്ക് മുകളില്‍ കാണുന്ന രീതിയിലുള്ള 'സോഫ്റ്റ്' ആയ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ ഇതും കൊളസ്ട്രോള്‍ അധികരിച്ചതിന്‍റെ സൂചനയാകാം. ഇതുതന്നെ കൈകള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, പിൻഭാഗം എന്നിവിടങ്ങളിലും കാണാം. 

സോറിയാസിസ്...

ചര്‍മ്മത്തില്‍ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും അനുഭവപ്പെടുന്ന 'സോറിയാസിസ്' എന്ന രോഗാവസ്ഥയും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഭാഗമായി ഉണ്ടാകാറുണ്ട്. 

തൊലിയെ ബാധിക്കുന്നത്...

രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ അത് ക്രമേണ തൊലിക്ക് അടിയിലായി അടിഞ്ഞുകൂടാം. അതുപോലെ തന്നെ ഇത് രക്തക്കുഴലുകളില്‍ ചെറിയ ബ്ലോക്കുകളും ഉണ്ടാക്കാം. ഇതോടെ ശരീരത്തില്‍ എല്ലായിടത്തും ഒരുപോലെ ഓക്സിജൻ എത്തുന്നതും ബ്ലോക്ക് ആകുന്നു. തുടര്‍ന്ന് തൊലിപ്പുറത്ത് പലയിടങ്ങളിലും നിറവ്യത്യാസം വരാം. പ്രത്യേകിച്ച് നീല കലര്‍ന്ന നിറമാണ് ഇത്തരത്തില്‍ വരിക. ഇതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയായി കണക്കാക്കാം. 

Related Articles