സൈബര്‍ ആക്രമണം തുടരുന്നു; എന്തും നേരിടാന്‍ തയ്യാര്‍, ഡ്യൂട്ടിക്ക് കയറും; കളമശ്ശേരി മെഡിക്കല്‍ കോളെജിലെ അനാസ്ഥ പുറത്തുകൊണ്ടുവന്ന ഡോ: നജ്മ

  • 22/10/2020

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ ഡോക്ടര്‍ നജുമ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം. രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലാണ് എന്നായിരുന്നു നജ്മ വ്യക്തമാക്കിയത്. ഹാരിസ് എന്നയാളാണ് കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹാരിസ് മരിച്ചത് എന്നതായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഹാരിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വാദത്തെ തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന വിശദീകരണമാണ് നജ്മ മാധ്യമങ്ങള്‍ക്കുമുന്നില്‍ നല്‍കിയിരുന്നത്. മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും ഡോ നജ്മ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നജ്മക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. 

എന്തിനെയും നേരിടാന്‍ താന്‍ തയ്യാറാണ് എന്നാണ് ഡോക്ടര്‍ നജ്മ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. എന്നെ ഒറ്റപ്പെടുത്തുന്നതുപോലെയുള്ള ഒറ്റപ്പെടുത്തലുകള്‍ എല്ലാവര്‍ക്കും അഭിമുഖീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. നാളത്തെ ഡ്യൂട്ടി ആലോചിച്ചാണ് എനിക്ക് കരച്ചില്‍ വരുന്നത്. നാളെ ഡ്യൂട്ടിയുണ്ട്. നാളെ ഡ്യൂട്ടിക്ക് പോവുന്നുമുണ്ട്. ഇതുവരെ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്കറിയില്ല വേറെ എന്തെങ്കിലും സംഭവിക്കുമോ എന്ന്. എന്തുണ്ടായാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നുമാണ് നജ്മ പറഞ്ഞത്. 

Related Articles