കീറനുടുപ്പുകൾ

  • 22/04/2020

അഞ്ചര മണിയായിട്ടും ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത വിഷമത്തിലായിരുന്നു മീന..നാലര ആയപ്പോഴാണ് നാളlത്തെ ഡി.പി.സിയിൽ അംഗീകാരത്തിനായി കൊടുക്കേണ്ടുന്ന നാല് പ്രോജക്ടുകളുടെ കാര്യത്തിൽ സൂപ്രണ്ട് ചില സംശയങ്ങൾ ചൂണ്ടി കാണിച്ചത്.. പിന്നെ അത് ശരിയാക്കാനുള്ള നെട്ടോട്ടമായിരുന്നു .. നാളെ 11 മണിക്കാണ് ഡി.പി.സി യോഗം.. രാവിലെ നേരത്തെ വന്ന് ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാൽ എത്ര വൈകിയാലും ഇന്ന് തന്നെ ചെയ്ത തീർക്കാമെന്ന് വിചാരിച്ചു.. അതാണ് വൈകിയത്..

നെറ്റിയിലൂടെ ഊർന്ന് കഴുത്തിലേക്കെത്തിയ വിയർപ്പ് ചാലുകൾ അവൾ ചൂരിദാർ ഷാൾ കൊണ്ട് അമർത്തി തുടച്ചു.. വിശന്ന് വയറിനകത്ത് സ്ഫോടനം നടക്കുന്നുണ്ട്.. ബാക്കിയെല്ലാവരും പോയി ..

സൂപ്രണ്ടും താനും മാത്രമിവിടെ ബാക്കി.

"പ്ലാൻ ക്ലാർക്കായി പോയില്ലേ എന്ത് ചെയ്യാൻ..?

അവൾ സ്വയം തന്നോട് തന്നെ പറഞ്ഞ് അമർഷം തീർത്തു..

അവളൊന്ന് ചുമച്ച് കൊണ്ട് സൂപ്രണ്ടിന്റെ ശ്രദ്ധ നേടി…

"ബാക്കി ഒന്ന് നോക്കി ശരിയാക്കാമോ.. ഇപ്പോ ഇറങ്ങിയാൽ വീടിന്റെ മുറ്റത്ത് ചെന്നിറങ്ങുന്ന ബസ്സ് പിടിക്കാം. "

ഫയലിൽ നിന്നും തല ഉയർത്തി കണ്ണടയ്ക്കുള്ളിലൂടെ തന്നെ ചൂഴ്ന്ന് നോക്കുന്ന അവരെ അവഗണിച്ച് അവൾ തന്റെ ടിഫിൻ ബോക്സും വാട്ടർബോട്ടിലും കുടയും ബാഗിലേക്കൊതുക്കി വെച്ച് തുടർന്നു.

"ആ ബസ്സ് പോയാൽ പിന്നെ പാടാണ്.. മെയിൻ റോഡിലിറങ്ങി കുറച്ച് നടക്കാനുണ്ട് വീട്ടിലേക്ക്.. കുട്ടികൾ അവിടെ ഒറ്റയ്ക്കാണ്.. ഞാൻ എത്താൻ വൈകിയാൽ അവർ പേടിച്ചു പോകും.."

"മീന എന്തിനാ ജോലിയിലിങ്ങനെ ഉഴപ്പ് കാണിക്കുന്നത്… ശ്രദ്ധിച്ച് ചെയ്താൽ വേഗം പോകാലോ…!!

ഫയലിൽ നിന്ന് മുഖമെടുക്കാതെ കുറ്റപ്പെടുത്തുന്ന സ്വരത്തിൽ സൂപ്രണ്ടത് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി.

"അവർക്ക് 6 മണിക്ക് ഇറങ്ങിയാ മതി. അപ്പോഴാണ് ബസ്റ്റ്.. അത് പോലെയാണോ ബാക്കിയുള്ളോരും… " അവൾ പിറുപിറുത്തു…

ബസ് സ്റ്റോപ്പിലേക്ക് കുറച്ച് നടക്കാനുണ്ട്.. അവൾ കാൽ കഴിയുന്നത്ര നീട്ടി വലിച്ചു വെച്ച് നടക്കാൻ തുടങ്ങി.. അവളെ തഴുകി ചെവിയിൽ കിന്നാരം പറഞ്ഞു പോയ കാറ്റിന് അവളുടെ ജിമ്മിക്കി കമ്മലുകളെ ഇളക്കാനേ കഴിഞ്ഞുള്ളൂ.. മനസ്സ് തണുപ്പിക്കാനായില്ല.. വൈകുന്നേരമായത് കൊണ്ടാണെന്ന് തോന്നുന്നു കാറ്റിനും വിയർപ്പിന്റെ ഗന്ധമായിരുന്നു..!

വിശപ്പും ദാഹവും കൊണ്ട് ഇനിയൊരടി വെക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ അവൾ റോഡ് ക്രോസ്സ് ചെയ്ത് മറു വശത്തുള്ള ജ്യൂസ് കടയിലേക്ക് നടന്നു. ഓഫീസിലെ തിരയ്ക്കിനിടയിൽ ഉച്ചയ്ക്ക് സമാധാനമായിരുന്ന് ഭക്ഷണം കഴിക്കാനും പറ്റിയില്ല..

അവൾ അവിടെ കയറിയിരുന്ന് ഒരു ജ്യൂസിന് ഓർഡർ കൊടുത്തു.. അതിന് വേണ്ടി കാത്തിരുന്നപ്പോൾ
വീണ്ടും മനസ്സിനുള്ളിൽ സങ്കടം കൊണ്ടുള്ള ഒരായിരം വേലിയേറ്റമുണ്ടായി…

നന്ദേട്ടൻ ഗൾഫിൽ പോയതിന് ശേഷം എല്ലാത്തിനും താൻ തന്നെ ഓടണം.. ഓഫീസിനും വീടിനുമിടയിൽ ഓടുന്നതിനിടയിൽ ഒന്ന് നന്നായി ജീവിക്കാൻ പോലും മറന്ന് പോയി.. ഇനി പോയിട്ട് വേണം തളർന്ന് കിടപ്പിലായ നന്ദേട്ടന്റെ അമ്മയെ കുളിപ്പിക്കാൻ.. അതിന് ശേഷം കഞ്ഞിയും കൂട്ടാനുമുണ്ടാക്കി മക്കൾക്ക് കൊടുക്കണം.. അമ്മയ്ക്ക് വായിൽ വെച്ച് കൊടുക്കണം.. എന്നാലും മകന്റെ ഫോൺ വന്നാൽ തന്നെ കുറിച്ച് കുറ്റം പറയാനാണ് തള്ളയ്ക്ക് ആവേശം…

ഇതിന്റെയൊക്കെ ഇടയിൽ ആകെയുള്ള ആശ്വാസം ഫെയ്സ് ബുക്കും എഴുത്തുമാണ്.. എഫ് ബി യിൽ നാലാളറിയുന്ന എഴുത്തുകാരിയാണവൾ… രാത്രി പണിയൊക്കെ കഴിഞ്ഞ് കുട്ടികളും അമ്മയും ഉറങ്ങിയതിന് ശേഷം കുറച്ച് സമയം എഫ് ബി യിൽ ചെലഴിക്കും..

"എന്താ മാഡം ആലോചിക്കുന്നത്..?

ജ്യൂസ് കൊണ്ട് വന്ന ചെറുക്കനാണ്…!

"ഏയ് ഒന്നുമില്ല.. "

അവൾ ജ്യൂസ് വാങ്ങി കുടിക്കാനായി വായയോടടുപ്പിച്ചു…!

പെട്ടന്നാണ് അലറി വിളിച്ചു കൊണ്ട് ഒരു പെൺകുട്ടി ഓടി വന്ന് മീനയുടെ കസേരയ്ക്ക് പിറകിലൊളിച്ചത്… പെട്ടന്നായത് കൊണ്ട് ഞെട്ടിപ്പോയ മീനയുടെ കയ്യിൽ നിന്നും ഗ്ലാസ്സ് നിലത്ത് വീണു പൊട്ടിച്ചിതറി നിലത്താകെ ജ്യൂസ് പടർന്നു…

"എന്താ കുട്ടീ ഇത്..എന്താ കാണിച്ചേ.. അവൾ ദേഷ്യത്തോടെ കസേരയിൽ നിന്നെഴുന്നേറ്റ് അവൾക്ക് നേരെ തിരിഞ്ഞു..
കടയുടെ അകത്തു നിന്നും ആ ചെറുക്കനും ഓടി വന്നു.

അപ്പോഴും ആ കുട്ടി കരച്ചിൽ നിർത്തിയിരുന്നില്ല… മീന ആ കുട്ടിയെ ആകെയൊന്ന് നോക്കി… ഒരു എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന നല്ല വെളുത്ത പെൺകുട്ടി.. പാറി പറന്ന് കിടക്കുന്ന മുടി.. ദൈന്യത നിറഞ്ഞ കണ്ണുകൾ.. മൂക്കിൽ നിന്നും കണ്ണിൽ നിന്നും വരുന്ന വെള്ളം തന്റെ കൈ തണ്ട കൊണ്ട് ഇടയ്ക്കിടയ്ക്ക് തുടയ്ക്കുന്നുണ്ട്. നരച്ച് പഴഞ്ചനായ ഫ്രോക്കാണ് ധരിച്ചിരിക്കുന്നത്.. അത് അവിടിവിടെയായി കീറിയിട്ടുണ്ട്…
കാലിൽ ചെരിപ്പൊന്നുമില്ല.. നാളുകളായെന്ന് തോന്നുന്നു കുളിച്ചിട്ട്…
മീനയ്ക്കെന്തോ ആകെക്കൂടി സങ്കടം തോന്നി…

അവൾ ആ കുട്ടിയുടെ കൈപിടിച്ച് ഗ്ലാസ്സ് ചില്ലുകളിൽ ചവിട്ടാതെ ഒന്ന് മാറി നിൽക്കുമ്പോഴേക്കും കുട്ടിയുടെ കരച്ചിൽ കേട്ട് കുറച്ചാളുകൾ അവിടെ കൂടിയിരുന്നു…

"എന്തിനാ മോള് കരയുന്നത്… പറ..

അവൾ ഒന്നും മിണ്ടാതെ പേടിയോടെ പുറത്തേക്ക് നോക്കി..
അവളുടെ നോട്ടത്തെ പിന്തുടർന്നപ്പോഴാണ് ദൂരെ നിന്നും നാടോടികളാണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും ഓടി വരുന്നത് അവർ കണ്ടത്…

അവർ വന്ന് അടുത്തെത്തിയപ്പോൾ കരഞ്ഞ് കൊണ്ടവൾ മീനയുടെ പിറകിലൊളിച്ചു…

ആൾകൂട്ടത്തെ വകവെക്കാതെ അവർ ഓടി അകത്ത് കയറി മീനയുടെ പിറകിൽ നിന്നും അവളെ വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി…

"എന്ത് ക്രൂരതയാണ് നിങ്ങളീ കുഞ്ഞിനോട് കാണിക്കുന്നത്…?

അവരെ വലിച്ചു മാറ്റിക്കൊണ്ട് മീന ചോദിച്ചു…
അവിടെ കുടിയിരുന്നവരിൽ ചിലരും അവരെ തടഞ്ഞു…

"നിങ്ങളാരാ ചോദിക്കാൻ ഞങ്ങളുടെ മകളെ ഞങ്ങൾ വേണമെങ്കിൽ തല്ലും.. കൊല്ലും.. ഒരുത്തനും തടയാൻ വരണ്ട…

വെറ്റില കറ പുരണ്ട പല്ല് കാണിച്ച് മുരണ്ടു കൊണ്ട് അയാൾ അവളെ പിടിച്ച് നിർത്തി ചെകിടത്തൊരടി കൊടുത്തു… അവിടെ കൂടി നിന്നവരെ കാഴ്ചക്കാരാക്കി കൊണ്ട് ആ സ്ത്രീയും അയാളൊപ്പം അവളെ അടിക്കാൻ തുടങ്ങി..

"ഇത് നിങ്ങളുടെ കുട്ടിയാണെന്നതിന് എന്താണ് തെളിവ്. സ്വന്തം കുഞ്ഞിനെ ഇങ്ങനെ തല്ലിക്കൊല്ലാൻ നൊന്ത് പ്രസവിച്ച ഒരമ്മയ്ക്കും സാധിക്കില്ല… "

മീന കുട്ടിയെ അവരുടെ ഇടയിൽ നിന്നും രക്ഷിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.. അത് കേട്ടപ്പോൾ ആൾക്കാറുടെ ഇടയിൽ നിന്നും മുറുമുറുപ്പുണ്ടായി..

ഇത് കേട്ടിട്ടും അവർ പിൻമാറുന്നില്ലെന്ന് കണ്ടപ്പോ മീന പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ തന്റെ മൊബൈലെടുത്ത് എഫ് ബി തുറന്നു… ക്യാമറ ഓൺ ചെയ്ത് ലൈവിൽ കയറി…

കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങൾ ലോകത്തിന് കാണിച്ചു കൊടുത്തു… ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഷെയർ ചെയ്യപ്പെടുകയും പോലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തുകയും ചെയ്തു..

അവരെ ചോദ്യം ചെയ്തപ്പോൾ അത് തങ്ങളുടെ കുട്ടിയല്ലെന്നും ആറ് വർഷങ്ങൾക്കു മുമ്പ് മുഗലാപുരത്ത് നിന്നും തട്ടിക്കൊണ്ട് വന്നതാണെന്നും അവർ സമ്മതിച്ചു…
അവരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ട് പിടിക്കുന്നത് വരേക്ക് പോലീസ് സംരക്ഷണയിൽ ഒരു ആശ്രയഭവനത്തിലാക്കാനുള്ള ഏർപ്പാടും ചെയ്തു..!!

നിമിഷ നേരങ്ങൾക്കുള്ളിൽ ഇതൊക്കെ ചെയാൻ പറ്റിയതിന്റെ ആകെ കൂടി മരവിപ്പിലായിരുന്നു മീന… അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു പിന്നെ അവൾക്ക്.. നേരിട്ടും സോഷ്യൽ മാധ്യമങ്ങളിലൂടെയും..

ഇതൊക്കെ ദൈവത്തിന്റെ നിയോഗങ്ങളാണെന്നും.. താൻ അതിന് ഒരു നിമിത്തമായന്നേയുള്ളൂ എന്നും പറഞ്ഞ് തിരിഞ്ഞു നടന്നപ്പോഴും അവളുടെ മനസ്സിൽ ദൈന്യത നിറഞ്ഞ ആ രണ്ട് കണ്ണുകളും ആ കീറിയ ഉടുപ്പുമായിരുന്നു.. അതും പേറി മീന വീണ്ടും ഓടി .. തന്റെ വേവലാതികളിലേക്ക്…!!

Related Blogs