പരിസ്ഥിതിക്ക്‌ ഒരാമുഖം; (ലോക പരിസ്ഥിതി ദിനം )

  • 05/06/2021

“Earth has been enough to satisfy every men’s need;but not greed”
മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ഭുമിക്കുണ്ട് ,എന്നാൽ അത്യാഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ല .-ലോകത്തിനെന്നും മാർഗ്ഗദർശനമേകുന്ന ശക്തമായ ഗാന്ധിയൻ ചിന്തയാണ് മുകളിൽ ഉദ്ധരിച്ചത് .ലോകത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് ഇന്ന് പരിസ്ഥിതി സംരക്ഷണം .ജൂൺ അഞ്ച്‌ ലോക പരിസ്ഥിതിദിനമായി ആചരിക്കുമ്പോൾ കേവലം ദിനാചരണത്തിനപ്പുറം ഗൗരവാവാഹമായ ആശങ്കകളും ചിന്തകളും പങ്കുവയ്ക്കുകയാണ് ലോകരാഷ്ട്രങ്ങൾ.30വർഷം കൂടി കഴിയുമ്പോൾ ലോകജനസംഖ്യ  1000കോടിയോളമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഇന്നത്തേതിന്റെ മൂന്ന് മടങ്ങ് വിഭവങ്ങൾ വേണ്ടിവരുമത്രെ അന്ന് മനുഷ്യന്റെ നിലനിൽപ്പിന് .പ്രകൃതിയോട് അലംഭാവം തുടരുക സാധ്യമല്ലെന്ന് വിളിച്ചു പറയുന്നതാണ് ഈ സൂചകങ്ങൾ .ഭൂമിയിലെ മുഴുവൻ ജന്തുസസ്യജാലങ്ങളെ മാത്രമല്ല ,വരാനിരിക്കുന്ന തലമുറകളെ കൂടി കണ്ടുകൊണ്ടുള്ള വികസന രീതികളാണ് ആവശ്യമെന്ന് ഇവ നമ്മെ പഠിപ്പിക്കുന്നു .അത്കൊണ്ട് തന്നെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പലനിലയിലുള്ള പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ഈ ദിശയിൽ ലോകവ്യാപകമായി നടക്കുന്നുണ്ട് .മുൻകാലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ നടന്നുവന്നിരുന്ന പരിസ്‌ഥിതി പ്രവർത്തനങ്ങൾ ഇന്ന് സമൂഹം ഏറ്റെടുക്കാൻ തയാറാവുന്നുവെന്നത് ശുഭോദർക്കമാണ് .

സമ്പന്നമായ ജൈവസമ്പത്തുകൊണ്ടും ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ടും ലോകഭൂപടത്തിൽ തന്നെ പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന പ്രദേശമാണ് കേരളം .പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിഭവങ്ങളാണ് കേരളത്തിന്റെ യഥാർത്ഥ കൈമുതൽ .പരിസ്ഥിതി സംരക്ഷണത്തിൽ മറ്റാരേക്കാളും മുന്നിൽ നിൽക്കേണ്ടത് നമ്മുടെ കടമയാണ് .ഫലഭൂയിഷ്ടമായ മണ്ണും യഥേഷ്ടം വെള്ളവും പാരമ്പരേതര്യ ഊർജ്ജസ്രോദസ്സുകളുടെ അക്ഷയ കലവറകളും നമുക്കുണ്ട് .നമ്മുടെ വികസന സ്വപ്നങ്ങളിൽ പ്രധാന പരിഗണന നൽകേണ്ടവയാണ് അവയെല്ലാം .ആസന്നമായ ഊർജ്ജപ്രതിസന്ധിയുടെ ഭീഷണിക്കുമുൻപിൽ ബദൽ ഊർജ്ജസ്രോദസ്സുകൾ തേടി ലോകം പരക്കംപായുമ്പോൾ പെയ്തുതീർന്നുപോകുന്ന മഴയ്ക്കും പ്രയോജനപ്പെടുത്താതെ പോകുന്ന സൗരോർജത്തിനും കാൽച്ചുവട്ടിൽനിന്നും ഒലിച്ചുപോകുന്ന മണ്ണിനും നാളത്തെ തലമുറയോട് നാം കണക്ക് പറയേണ്ടി വന്നേക്കും .

ഭൂമിയുടെ തന്നെ മറ്റൊരു പേരാണ് മണ്ണ് .വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ വില്പന ചരക്കായി കാണുന്ന കമ്പോള സംസ്കാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിന്റെ സംസ്‌കാരം .ഭക്ഷ്യസുരക്ഷയും മനുഷ്യന്റെ നിലനിൽപ്പും മണ്ണുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ .മണ്ണുകനിഞ്ഞാലെ പത്തായം നിറയൂ എന്ന് പഠിപ്പിച്ച തലമുറകളെ നമ്മുക്ക് മറക്കാതിരിക്കാം .കുന്നുകളും മലകളും മരങ്ങളും കീറിമുറിച്ചു വിലയിടുന്ന മനസും സമീപനവും ആപത്തുകളിലേക്കു മാത്രമേ നമ്മെയും നാടിനേയും നയിക്കൂ .

“സഹ്യ ഗിരീന്ദ്രപ്പടിക്കൽ വന്നിങ്ങനെ 
ശങ്കിച്ചുനിൽക്കൊല്ല മേഘങ്ങളെ 
ആവിയായാധികളുള്ളിലുയർന്നാലു-
മാനമലകൾ നിരന്നുനിൽപ്പു 
പ്രീതരായ്‌ കേറിയെഴുന്നള്ളിയാലുടൻ 
ഭൂതാനുകമ്പതിടമ്പുകളേ” ……

കേരളീയതയുടെ കവി എന്ന് വിശേഷിപ്പിക്കപ്പെട്ട മഹാകവി പി .കുഞ്ഞിരാമൻ നായരുടെ തൂലികയിലൂടെ ജന്മം കൊണ്ട പരിസ്ഥിതി പ്രാധാന്യമേറിയ ഈ വരികൾക്ക് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ട് കാലമേറെയായി .എന്നാൽ ഈ വരികളുടെ ഭാവസാന്ദ്രത കാലം കഴിയുംതോറും ഏറി വരികയാണ് .മണ്ണും ,മലയും ,പുഴയും ,കാടും എന്നും മനുഷ്യസംസ്കാരവുമായി പൊരുത്തപ്പെട്ടിരിക്കുന്നതിന്റെ തെളിവാണിത് .ആധുനികയുഗത്തിലെ അമിത ഉപഭോഗസംസ്കാരംമൂലം ഭൂമിമാതാവിന്റെ സമ്പത്തുകൾ നശിപ്പിച്ചു ധൂർത്തരായ മക്കളുടെ രൂപത്തിൽ നിൽക്കുന്ന മാനവരാശിയെ രക്ഷിക്കുന്നതിനുള്ള പഴുതുകൾതേടി ശാസ്ത്രലോകം ഉഴലുകയാണിന്ന് .ഈ ധൂർത്തവസാനിപ്പിച്ചു പ്രകൃതിയിലേക്ക് മടങ്ങിയില്ലെങ്കിൽ അധികകാലം ഭൂമിയിൽ കഴിയാൻ സാധിക്കില്ലെന്നുള്ളത് ഇപ്പോൾ ലോകം അംഗീകരിച്ചുകഴിഞ്ഞ സത്യമാണ് .

പ്രകൃതിവിഭവങ്ങളുടെ വിനയോഗത്തിൽ മിതത്വവും വിവേകവും പാലിക്കുന്നതിന് ഓരോ വ്യക്തിയും കുടുംബവും മുന്നോട്ട് വരികയാണ് പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള ശരിയായ ഉത്തരം .വലിയ യാത്രകൾ തുടങ്ങുന്നത് ചെറിയ ചുവടുവയ്പ്പുകളിൽ നിന്നാണ് പ്രകൃതിയോട് സമരസപെട്ടുകൊണ്ടുള്ള ശൈലി സ്വീകരിക്കാൻ ഇനിയും വൈകരുത് .താങ്ങാനാകാത്ത ആർത്തികളിൽ തളരുന്ന ഭൂമിക്ക് താങ്ങേകാൻ ഈ അവസരത്തിൽ നമ്മുക്ക് പ്രതിജ്ഞയെടുക്കാം .

ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ് 

Related Blogs