ഒമിക്രോൺ: കരുതൽ ശക്തിപ്പെടുത്തണം

  • 09/12/2021

ദക്ഷിണാഫ്രിക്കയിൽ നിന്നും 2021 നവംബർ 24 ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണാ വൈറസ് വകഭേദം വലിയ ആശങ്കകളുയർത്തിയിരിക്കയാണ്. ബി 1.1.529 എന്ന ഈ വകഭേദത്തിനെ ഒമിക്രോൺ (Omicron) എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുണ്ട്. കോവിഡിന് കാരണമായ സാർഴ് സ് കൊറോണ വൈറസ് -2 ആർ എൻ എ വൈറസായത് കൊണ്ട് ജനിതക മാറ്റത്തിലൂടെ (Mutations) വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വൈറസുകൾ മനുഷ്യകോശങ്ങൾക്കുള്ളിൽ കടന്ന് പെരുകുന്നതിന്റെ (Replication) ഭാഗമായി പകർപ്പെടുക്കുമ്പോൾ ജനിതകഘടനയിൽ നേരിയമാറ്റം സംഭവിക്കാം. ഡി എൻ എ വൈറസുകളുടെ കാര്യത്തിൽ ജനിതകവ്യതിയാനങ്ങളിലെ തെറ്റ് നിരുത്താനുള്ള (Proofreading) സംവിധാനമുണ്ട്. എന്നാൽ ആർ എൻ എ വൈറസുകളിൽ അതില്ല. അതുകൊണ്ടാണ് ആർ എൻ വൈറസുകൾ കൂടുതലായി ജനിതകമാറ്റത്തിന് വിധേയമാവുന്നത്. വൈറസുകളിൽ സംഭവിക്കുന്ന എല്ലാ ജനിതകവ്യതിയാനങ്ങളും നിലനിൽക്കാറില്ല. വൈറസുകളുടെ എണ്ണം വർധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന വൈറസ് ഭേദങ്ങൾ നിലനിൽകും മറ്റുള്ളവ  ജൈവപരിണാമ പ്രകിയയുടെ ഭാഗമായി നശിച്ച് പോകും. 

ജനിതകമാറ്റത്തിലൂടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന വൈറസുകളുടെ കാര്യത്തിൽ നാല് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 
1. പകർച്ചാ നിരക്ക് (Infectivity) കൂടുമോ ?,  2. രോഗരൂക്ഷതയും കാഠിന്യവും (Virulence) വർധിപ്പിക്കുമോ?  3.പുതിയ വകഭദേങ്ങളെ ഇപ്പോഴുപയോഗിക്കുന്ന വൈറസ് ടെസ്റ്റുകളുപയോഗിച്ച് കണ്ടെത്താൻ കഴിയുമോ? 4.ലഭ്യമായ വാക്സിനുകൾ ഇവക്കെതിരെ ഫലപ്രദമാവുമോ? 

കൊറോണ വകഭേദങ്ങൾ

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത ജനിതകഘടനയുള്ള മൂന്ന്തരം കോവിഡ് വൈറസുകളാണ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. പിന്നീട് നാലാമതൊരു ജനിതകമാറ്റം കൂടി ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. . 2020 ഒക്ടോബർ 25 ൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദം 2021 മാർച്ച് 29 ന് സ്ഥിരീകരിക്കപ്പെട്ടു. പകർച്ചവ്യാധികൾ, രോഗാണുക്കൾ എന്നിവക്ക് രാജ്യത്തിന്റേയോ, പ്രദേശത്തിന്റെയോ മൃഗങ്ങളുടെയോ പേരിടുന്നത് ഒഴിവാക്കണമെന്ന് 2015 മുതൽ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ട് വരികയാണ്. സ്ഥലജന്തുനാമങ്ങളിൽ രോഗമോ രോഗാണുക്കളോ  അറിയപ്പെടുന്നത് ആ രാജ്യങ്ങളോടോ, ജന്തുക്കളോടോ വിദ്വേഷം ജനിപ്പിക്കുന്നതിനും   പതിത്വസമീപനങ്ങൾ (Stigma) വളർന്ന് വരുന്നതിനും കാരണമാവുന്നുണ്ട്.   ഇങ്ങനെ പേരിട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിനും വ്യാപരവാണിജ്യ തടസ്സങ്ങൾക്കും മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനും മറ്റും ഇത്തരം പേരിടീൽ രീതികൾ  കാരണമാവുന്നുണ്ട്.   ഇതെല്ലാം പരിഗണിച്ച് ഇപ്പോൾ രാജ്യങ്ങളുടെ പേരിലറിയപ്പെടുന്ന വൈറസ് വകഭേദങ്ങൾക്ക് ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നീ പേരുകൾ  ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ളത്.. 

പകർച്ചാനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളിവയെല്ലാമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ രോഗരൂക്ഷത വർധിപ്പിക്കുമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. കോവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റുകളുപയോഗിച്ച് തന്നെ ഇത്തരം ജനിതകമാറ്റം സംഭവിച്ച് വൈറസുകൾ മൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താൻ കഴിയും. ഇപ്പോൾ ലഭ്യമായ വാക്സിനുകൾ എല്ലാംതന്നെയും എല്ലാ ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ എത്തിയിട്ടുള്ള നിഗമനം.  എന്നാൽ ഡെൽറ്റ വകഭേദം കോവിഡ് വാക്സിനുകളോട് ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാൽ വാക്സിൻ സ്വീകരിച്ചവരിൽ രോഗമുണ്ടാക്കുന്നുണ്ട്. ഇതിനെ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്നാണ് വിളിക്കുക. അത് പോലെ രോഗംവന്ന് മാറിയവരിൽ വീണ്ടും രോഗമുണ്ടാക്കാനും (റീ ഇൻഫക്ഷൻ) ഡെൽറ്റാ വൈറസുകൾക്ക് കഴിയും. എന്നാൽ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ, റീ ഇൻഫക്ഷൻ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല. മാത്രമല്ല ആരും മരണമടഞ്ഞതായും റിപ്പോർട്ടില്ല. 2021 ജൂൺ മാസത്തോടെ ആവിർഭവിച്ചിട്ടുള്ള പുതിയ വൈറസ് വകഭേദമാണ്  ഡെൽറ്റാ പ്ലസ് (Delta Plus).  ഡൽറ്റാവൈറസിന്റെ സ്വഭാവത്തിൽ നിന്നും കാര്യമായ വ്യത്യാസം ഡെൽറ്റ പ്ലസ് വൈറസിനില്ല.. ഇന്ത്യയിൽ ഇതുവരെ ഡൽറ്റാ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പ്രസക്തവകഭേദങ്ങൾ

നിലവിലുള്ള രോഗനിർണ്ണയരീതികൾ, രോഗംവന്ന് ശമിച്ചവരിൽ രോഗപ്രതിരോധശേഷി അതിജീവിക്കാനുള്ള കഴിവ്,  വ്യാപനസ്വഭാവം, തീവ്രത  എന്നിവയുടെ  അടിസ്ഥാനത്തിലും ചികിത്സയോടും രോഗനിർണ്ണയത്തോടും രോഗപ്രതിരോധത്തോടുമുള്ള പ്രതിശക്തിയുടെയും അടിസ്ഥാനത്തിൽ  ലോകാരോഗ്യസംഘടന, പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസ് വകഭേദങ്ങളെ തരംതിരിച്ചിട്ടുണ്ട്. പ്രതികൂല പ്രത്യാഘാത സാധ്യതയുണ്ടെന്ന്   സംശയിക്കുന്നവയെ പ്രസക്തവകഭേദം (VoI: Variants of Interest),  അങ്ങിനെ ഉറപ്പുള്ളവയെ  ആശങ്കാവകഭേദം (VoC: Variants of Concern) എന്നിങ്ങനെ വിളിക്കുന്നു. ചികിത്സയോടും പ്രതിരോധത്തോടും തീരെ പ്രതികരിക്കാത്തവയെ വൻപ്രത്യാഘാത വകഭേദങ്ങളെന്നും (Variant of High Consequence)  വിശേഷിപ്പിക്കുന്നു.  ഇതുവരെ വൻപ്രത്യാഘാത വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആൽ ഫ, ബീറ്റ, ഗാമ, ഡെൽറ്റ വൈറസു വകഭേദങ്ങളെ ആശങ്കാ വകഭേദങ്ങളായാണ് കണക്കാക്കുന്നത് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ ഈ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ

എ​ച്ച്.​ഐ.​വി/​എ​യ്​​ഡ്​​സ്​ ബാ​ധി​ത​രെ​പ്പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ൽ ഉ​ണ്ടാ​യ ക​ടു​ത്ത അ​ണു​ബാ​ധ​യി​ൽ​നി​ന്നാ​കാം വൈ​റ​സി​ന്റെ  ജ​നി​ത​ക മാ​റ്റ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ ക​രു​തു​ന്നു.യഥാര്‍ത്ഥ കൊറോണ വൈറസിൽ നിന്നും ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം ഒമിക്രോൺ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു.ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്.നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്​. അതിവേഗ മ്യൂ​ട്ടേഷൻ(രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്​ കടക്കാൻ സഹായിക്കുന്ന വൈറസി‍ന്റെ  സ്​പൈക്ക്​ പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂ​ട്ടേഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ.കോവിഡ് പ്രോട്ടോകോളുകൾ (മാസ്ക് ധാരണം, ചെറുതും വലുതുമയ ആൾകൂട്ടം ഒഴിവാക്കൽ,ശരീരദൂരം പാലിക്കൽ, ആവർത്തിച്ച് കൈകകഴുകൽ) കർശനമായി പാലിക്കാൻ ശ്രദ്ധിക്കയും വേണം.വിദേശത്ത് നിന്ന് വരുന്നവർ പോസിറ്റീവ് ആണെങ്കിൽ  പുതിയ വകഭേദം മൂലമാണോ രോഗം എന്നറിയാൻ വൈറസി ജീനോം സ്വീക്വൻസിംഗ്  നിർബന്ധമായും നടത്തേണ്ടതാണ്.

ഒമിക്രോൺ വകഭേദത്തെ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന നവംമ്പർ 26 ന് വിളിച്ച് കൂട്ടിയ സാങ്കേതിക ഉപദേശകസമിതി (The Technical Advisory Group on SARS-CoV-2 Virus Evolution TAG-VE) എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാൾ ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്.ഇപ്പോൾ നടത്തുന്ന ആർ ടി പി സി ആർ ടെസ്റ്റ് വഴിതന്നെ ഈ വകഭേദം കണ്ടെത്താൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ആർ ടി പി സി ആർ ടെസ്റ്റിൽ കാണാൻ കഴിയുന്ന മൂന്ന് ജീനുകളിൽ എസ് ജീൻ (S gene dropout)   ഒമിക്രോണിന്റെ കാര്യത്തിൽ ഉണ്ടാവില്ല.തന്മൂലം ജനിതക പഠനത്തിന് മുൻപ് തന്നെ ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയും.ഒമിക്രോൺ വകഭേദത്തിന് ഇപ്പോൾ നൽകിവരുന്ന വാക്സിനുകളെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.ലോകാരോഗ്യ സംഘന ഒമിക്രോൺ വകഭേദത്തിന്റെ സ്വഭാവങ്ങൾ നിരന്തരം നിരീക്ഷിച്ച് വരികയാണ്.രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നുണ്ട്.ഇത് കൂടുതൽ ഗൗരവമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടനയുടെ ഇക്കാര്യത്തിലുള്ള  നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യാനുള്ളത്.ഇതനുസരിച്ച് രോഗനിർണ്ണയ പരിശോധനകളും ജനിതപഠനവും കൂടുതൽ വ്യാപകമായി നടത്തേണ്ടതാണ്.പൊതുജനങ്ങൾ കോവിഡ് പ്രതിരോധ പെരുമാറ്റചട്ടങ്ങൾ വിട്ടു വീഴ്ച്ഛകൂടാതെ നടപ്പിലാക്കയും വേണം.അപകടസാധ്യത കൂടുതലുള്ളവർ (പ്രായാധിക്യമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ) കൂടുതൽ ശ്രദ്ധ കാട്ടേണ്ടതാണ്.ഒമിക്രോണിന്റെ കാര്യത്തിൽ കരുതൽ ശക്തിപ്പെടുത്തണം എന്നാൽ അമിതമായ ആശങ്ക വേണ്ട എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.ഒന്നും രണ്ടും ഡോസ് വാക്സിനേഷൻ  ത്വരിതഗതിയിൽ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Related Blogs