ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് മലയാളികൾ ഒത്തുചേരുന്ന ഓണാഘോഷത്തിന്റെ നിറവിലാണ് നാം.കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം.നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നമുക്കു ഈ ഓണത്തെ വരവേൽക്കാം.നമ്മുടെ ഓർമ്മയിലുള്ള ഓണക്കാലത്തേതിൽനിന്നു തീർത്തും വ്യത്യസ്തമാണ് ഇക്കുറി ആഘോഷം.കോവിഡിനോടുള്ള ചെറുത്തുനിൽപ്പ് ഏറ്റവും ശക്തമാക്കേണ്ട ദിനങ്ങളായതുകൊണ്ട്തന്നെ ഈ ഓണക്കാലത്തു വലിയ രീതിയിലുള്ള കൂടിച്ചേരലുകളോ ആൾകൂട്ടമായുള്ള ആഘോഷങ്ങളോ നിർബന്ധമായും ഒഴിവാക്കണം.വീട്ടിലെ ഓണാഘോഷത്തിനുപോലും വലിയ ജാഗ്രത ആവശ്യമാണ്.നാടും നഗരവുമൊന്നും കോവിഡിൽ നിന്നും മുക്തമല്ല.ആരിൽ നിന്നും രോഗം പകരാമെന്ന അവസ്ഥയാണ്.അതിനാൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴുമെല്ലാം അതീവ ജാഗ്രത പാലിക്കണം.കൊവിഡിനെ ചെറുക്കൻ നാം ഇതുവരെ തുടർന്നുവരുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും ഓണക്കാലത്തും കർശനമായിതന്നെ പാലിക്കണം.മാസ്കുകൾ കൃത്യമായി ധരിക്കണം.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുകയും സാമൂഹിക അകലം പാലിക്കുകയും വേണം.കടകളിലും മാർക്കറ്റുകളിലും ആരും തിരക്കു കൂട്ടരുത്.കടകളിൽ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം.കടകളിൽ സാമൂഹിക അകലം ഉറപ്പാക്കാൻ ജാഗ്രത പുലർത്തണം.സാധനം വാങ്ങി വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാനും മറക്കരുത്.കോവിഡ് കാലമായതിനാൽ ഈ ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കണം.അതു രോഗപകർച്ചയ്ക്ക് കാരണമായേക്കാം.ഒരു കാരണവശാലും കൂട്ടത്തോടെയുള്ള ഒത്തുകൂടലുകൾ പാടില്ല.അഥവാ ആരെങ്കിലും വീട്ടിലെത്തിയാൽ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.വന്നയുടനെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകണം.ഷേക്ക്‌ഹാൻഡോ,ആശ്ലേഷമോ വേണ്ട.പ്രായമായവരോട് സ്നേഹപ്രകടനം കാണിക്കാനായി അവരെ സ്പര്ശിക്കുകയോ അടുത്തുനിന്ന് സംസാരിക്കുകയോ ചെയ്‌യരുത്.പ്രായമായവർക്ക് പെട്ടന്നു രോഗം പിടിപെട്ടു ഗുരുതരാവസ്ഥയിലാകുമെന്നതിനാൽ ഈ സ്നേഹപ്രകടനം അവരെ നിത്യദുഃഖത്തിലേക്ക് തള്ളിവിട്ടേക്കാം.വരുന്നവർ കുട്ടികളെ ലാളിക്കുകയോ വാരിയെടുക്കുകയോ ഉമ്മനൽകുകയോ ചെയ്യരുത്.ബന്ധുക്കളെയും കൂട്ടിയുള്ള യാത്രകൾ ഒഴിവാക്കണം.സദ്യ വിളമ്പുമ്പോഴും സാമൂഹിക അകലം പാലിക്കണം.കഴിച്ചതിനു ശേഷം പാത്രങ്ങളും സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കണം.കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കഴിയുന്നതും ആശുപത്രിയിൽ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മഞ്ഞപ്പിത്തം,വയറിളക്കം,ഛർദ്ദി,ഓർക്കാനം എന്നിവ സാധാരണ ഈ സീസണിൽ കൂടുതലായി കണ്ടു വരുന്ന രോഗങ്ങളാണ്.അല്പമൊന്ന് ശ്രദ്ധിച്ചാൽ ഈ ഓണക്കാലത്ത് ഇത്തരം രോഗങ്ങളിൽ നിന്നു രക്ഷ നേടാൻ കഴിയും.പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും കുടുംബം ഒന്നാകെ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്.ദുരന്തം സൃഷ്ടിച്ച വിഷമങ്ങളിൽ മനസുപതറാതെ,രോഗവ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയിൽ യാതൊരുവിധ പാളിച്ചയ്ക്കും ഇടംനൽകാതെ നമ്മുക്ക് ഈ ഓണം ആഘോഷിക്കാൻ സാധിക്കണം.ലോകം മുഴുവൻ പടർന്ന ഈ മഹാമാരിയുടെ ഇരുണ്ട നാളുകൾ വകഞ്ഞുമാറ്റി,സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കണം.മലയാളികൾ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമ്മുക്ക് ഈ ഓണം ആഘോഷിക്കാം.കോവിഡ് കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇക്കുറി ഓണക്കാലം എത്തിയിരിക്കുന്നത്തിനാൽ തന്നെ മഹാമാരിയുടെ വ്യാപനം തടയുന്നതിന് കനത്ത ജാഗ്രതയും ഉത്തരവാദിത്തബോധവും ഓരോരുത്തരും പുലർത്തണം.ആഘോഷങ്ങളിലും യാത്രകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സ്വയം ശീലിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌യേണ്ടതുണ്ട്.കോവിഡിനെതിരായ പോരാട്ടമാകട്ടെ ഈ ഓണക്കാലത്തിന്റെ മുഖ്യസന്ദേശം.ലോകം മുഴുവൻ പടർന്ന കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളെ വകഞ്ഞു മാറ്റി,സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതിയ കേരളത്തെ പടുത്തുയർത്താൻ ഈ ഓണക്കാലം നമ്മിൽ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ.ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുന്നു.ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?