ഇന്ത്യയില്‍ ആദ്യം: ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ

  • 18/12/2021

ഇന്ത്യയില്‍ ആദ്യമായി ഇന്നലെ എറണാകുളം ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയത് വിജയകരമായിരുന്നുവെന്നതും കേരളീയർക്ക് അഭിമാനകരമായ നിമിഷമാണെന്നും നമ്മുക്ക് കരുതാം.കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രധാന ചുവടുവെപ്പാണിത്.രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ളത്. ഇതാദ്യമായാണ് ജില്ലാതല ആശുപത്രിയിലും ശസ്ത്രക്രിയ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്.ഇതോടുകൂടി ഹൃദയസംബന്ധമായ നിരവധി രോഗങ്ങള്‍ക്ക് ജനറൽ ആശുപത്രിയിൽ ചികിത്സലഭിക്കുമെന്ന് കരുതുന്നു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട്.ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകും. 

വൈപ്പിൻ സ്വദേശി പ്രസാദാണു (54) ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. പള്ളിയാക്കൽ സഹകരണ ബാങ്കിലെ താൽക്കാലിക ഡ്രൈവറായ പ്രസാദിന് ഒരു മാസം മുൻപാണു ഹൃദയത്തിൽ 3 ബ്ലോക്കുകൾ കണ്ടെത്തിയത്. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കിതപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.ബൈപാസ് ശസ്ത്രക്രിയയ്ക്ക് 3 ലക്ഷം രൂപ ചെലവു വരുമെന്നാണു സ്വകാര്യ ആശുപത്രി അറിയിച്ചത്. തുടർന്നു രണ്ടാഴ്ച മുൻപു ജനറൽ ആശുപത്രിയിലെത്തി. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായാണു ശസ്ത്രക്രിയ നടത്തിയത്.ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്‍റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.

ആരോഗ്യ മന്ത്രിയുടെ ആശംസ:

ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ല, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സജ്ജമാക്കുകയാണ്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന്‍ തിയേറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Related Blogs