ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി തീർക്കുന്നതിനായി ആണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം“ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. രക്ത ദാനത്തേക്കാൾ വലിയൊരു നന്മയില്ല. നമ്മുടെ ശരീരത്തിലൂടെ നിരന്തരം പ്രവഹിച്ചു നമ്മുടെ ജീവൻ നിലനിർത്തുന്ന മഹാനദിയാണ് രക്തം. ഈ ഒഴുക്ക് നിലയ്ക്കുമ്പോൾ ജീവിതവും അവസാനിക്കും. ഈ നദിയുടെ നിറം ചുവപ്പ്. കറുത്തവർഗ്ഗക്കാരാകട്ടെ, വെളുത്തവർഗ്ഗക്കാരാകട്ടെ, തവിട്ടുനിരക്കാരാകട്ടെ എല്ലാവരുടെയും രക്തത്തിന് ചുവപ്പുനിറമാണ്. നമ്മുടെ ആരോഗ്യരംഗത്തെ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ രക്തദാനം എന്ന നിസ്വാർത്ഥ സേവനത്തിലൂടെ പ്രതിവർഷം ലക്ഷകണക്കിന് ജീവനുകളെയാണ് നാം രക്ഷിക്കാറുള്ളെതെന്ന് മനസ്സിലാക്കാം. നമ്മുടെ ശരീരത്തിനാവശ്യമായ ഓക്സിജനേയും പോഷകങ്ങളെയും വഹിച്ചു കൊണ്ട് പോകുക, ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്‌യുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നിവയെല്ലാം രക്തത്തിന്റെ പ്രധാന ധർമങ്ങളാണ്. രക്ത ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദമായ അറിവ് ലോകത്തിന് സംഭവന ചെയ്ത കാൾ ലാൻഡ് സ്‌റ്റെയ്‌നറുടെ ജന്മദിനമാണ് ജൂൺ14.രക്തം പ്രധാനമായി 4ഗ്രൂപ്പുകളിൽ അറിയപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് ലാൻഡ് സ്‌റ്റെയ്‌നറായിരുന്നു. A,B,AB,O എന്നിവയാണ് ഈ ഗ്രൂപ്പുകൾ.ഒരു വ്യക്‌തി രക്തം ദാനം ചെയ്യുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിലെ അഞ്ച് ലിറ്റർ രക്തത്തിൽ നിന്ന് ദാനം ചെയ്‌യുന്നതിനു 350 മില്ലിലിറ്റർ രക്തം മാത്രമേ എടുക്കാറുള്ളൂ. രക്തം ദാനം ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം രക്ത ദാതാവിന്റെയും രക്തം സ്വീകരിക്കുന്ന വ്യക്തിയുടെയും ഗ്രൂപ്പ് മാറിപ്പോകരുത് എന്നതാണ്. രക്ത ഗ്രൂപ്പ് മാറിപ്പോയാൽ രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിപ്രവർത്തനങ്ങളെ ഹിമോലിട്ടിക് റിയാക്ഷൻ എന്നാണ് പറയുന്നത്. ഇതിന്റെ ഫലമായി രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ തകർന്ന് ഹിമോഗ്ലൊബിൻ പുറത്തുവരികയും രോഗിയുടെ മൂത്രം രക്തത്തിന്റെ നിറമായി തീരുകയും ചെയ്‌യുന്നു. കരളും വൃക്കകളും അതോടൊപ്പം തകരാറിലാകുന്നു.നിങ്ങള്‍ രക്തദാനം ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ആദ്യം തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുക, മതിയായ വിശ്രമം എടുക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, കനത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, ഇരുമ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിച്ചിരിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹ രോഗം, കാൻസർ മുതലായ രോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യാൻ പാടില്ല.രക്ത ദാനത്തെപ്പറ്റി നമുക്ക് വേണ്ടത് ബോധവത്കരണം :-ഒരു തവണ രക്തം ദാനം ചെയ്യുമ്പോൾ ശരീരത്തിന് നഷ്ടപെടുന്ന 350മില്ലിലിറ്റർ രക്തം 48മണിക്കൂറിനുള്ളിൽ ശരീരം ഉത്‌പാദിപ്പിച്ചു കൊള്ളും. രക്തദാനത്തിന് മുൻപ് നടത്തുന്ന ലബോറട്ടറി പരിശോധനകളിലൂടെ തങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും രോഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. രക്തദാനത്തിന് ശേഷം പുതിയ രക്ത കോശങ്ങൾ ശരീരത്തിൽ ഉണ്ടാകുമ്പോൾ ശരീരത്തിന് നവോന്മേഷം ലഭിക്കും, രക്തത്തിലെ കൊളെസ്ട്രോൾ കുറയുകയും ചെയ്‌യും. കൊളെസ്ട്രോൾ കുറയുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയുന്നു. എല്ലാറ്റിനും ഉപരിയായി നാം നൽകിയ രക്തമൊരു ജീവനെ രക്ഷിക്കുവാൻ സഹായിച്ചു എന്ന യാഥാർഥ്യം നൽകുന്ന സംതൃപ്തിയാണ് ഏറ്റവും വലുത്. കോവിഡ് കാലത്തെ രക്തദാനം:-കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ രക്തബാങ്കുകളിലനുഭവപ്പെടുന്ന ക്ഷാമം വളരെ വലുതാണ്. കോവിഡിതര രോഗികൾക്കും അടിയന്തര ശസ്‌ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും രക്തം ലഭിക്കാത്ത സാഹചര്യവുമുണ്ടായി. അതിനാൽ വാക്സിൻ സ്വീകരിച്ച് രണ്ടാഴ്‌ച കഴിഞ്ഞാൽ രക്തം ദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ചു. മുൻ ഉത്തരവ് പ്രകാരം 28 ദിവസത്തിനുശേഷമായിരുന്നു രക്തം ദാനം ചെയ്യാനാകുന്നത്. ഇതാണ് 14 ദിവസമാക്കിയത്. ദാതാക്കളുടെ ലഭ്യത കുറഞ്ഞതോടെ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലി (എൻബിടിസി) ന്റെ തീരുമാനപ്രകാരമാണ് ഇത്. വാക്സിന്റെ ഓരോ ഡോസും സ്വീകരിച്ചശേഷമുള്ള 14 ദിവസ ഇടവേളയിൽ രക്തം ദാനം ചെയ്യാമെന്നാണ് പുതിയ നിർദേശം. അമ്പത് വയസ്സിൽ താഴെയുള്ളവരാണ് കൂടുതലും രക്തദാനം ചെയ്യുന്നത്. ആരോഗ്യമുള്ളവർക്ക് വാക്സിനെടുത്താലും മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. അതിനാൽ, 14 ദിവസത്തിനുശേഷം ധൈര്യമായി രക്തംനൽകാം. രോഗമുക്തി നേടിയ COVID-19 രോഗികളില്‍ നിന്ന് രോഗബാധിതരായ വ്യക്തികള്‍ക്ക് പ്ലാസമ ചികിത്സ നടത്താവുന്നതാണ്. എന്‍ബിടിസി അനുസരിച്ച്, കോവിഡ് രോഗമുക്തിക്ക് ശേഷമുള്ള 28 ദിവസമോ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനോ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ അവസാനിച്ച് 28 ദിവസത്തിനുശേഷമോ രക്തം ദാനം ചെയ്യാം.ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധർ നൽകിയ നിർവചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവൻ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. അതിനായി രക്തദാനത്തിനായി അണിചേരാം.ഓർക്കുക ...രക്തദാനം ...മഹാദാനം ….ജോബി ബേബി ,നഴ്‌സ് ,കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?