വായ ശരീരത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്.കാരണം,ശരീരത്തിലുണ്ടാകുന്ന രോഗങ്ങളുടെ ബാഹ്യ സൂചനകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വായക്കുള്ളിലൂടെയാണ് പ്രകടമാവുക.ചികിത്സതേടി ഡോക്ടറെ കാണുമ്പോൾ മിക്കപ്പോഴും രോഗനിർണയം നടത്തുന്നതിന് മുമ്പായി അദ്ദേഹം വായ പരിശോധിക്കും.ശരീരത്തിന്റെ ഊർജസ്വലതക്കെന്നപോലെ മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ദന്താരോഗ്യം പ്രധാനമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.നിറഞ്ഞ പുഞ്ചിരിയുടെ ആത്മവിശ്വാസത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്നവരാണ് നമ്മൾ.പക്ഷേ, പലപ്പോഴും പ്രതീക്ഷിക്കാതെയെത്തുന്ന ദന്തരോഗങ്ങൾ നമ്മുടെ ചിരിക്ക് കോട്ടം സൃഷ്ടിക്കാറുണ്ട്.അതിന് കാരണം നമ്മുടെ അശ്രദ്ധയാണ്.ഈ അശ്രദ്ധയെ കുറിച്ച് നമ്മളെ ഓർമിപ്പിക്കാൻ world Dental Federation ഒരു ദിനമാചരിക്കാറുണ്ട് -മാർച്ച് 20, വേൾഡ് ഓറൽ ഹെൽത്ത് ഡേ അഥവാ ദന്താരോഗ്യദിനം.ദിനാചരണത്തിന് ഈ തീയതി പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന്റെ കാരണം:ജീവിതാന്ത്യം വരെ മുതിർന്ന പൗരന്മാർക്ക് കേടില്ലാത്ത 20 പല്ലുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആരോഗ്യകരമായി പരിഗണിക്കപ്പെടും.കുട്ടികൾക്ക് നിർബന്ധമായും 20 പാൽപല്ലുകൾ ഉണ്ടാകണം.ആരോഗ്യമുള്ള മുതിർന്നവർക്ക് 32 പല്ലുകൾ ഉണ്ടാവുകയും ദന്തക്ഷയം ഇല്ലാതിരിക്കുകയും വേണം.സംഖ്യാശാസ്ത്ര പ്രകാരം ഇതിനെ 3/20 അഥവാ മാർച്ച് 20 ആയി പരിഗണിക്കുന്നു.ദന്തരോഗങ്ങളുടെ ഭാരം കുറക്കുന്നതിന് ലോകം ഈ ദിനത്തിൽ ഒന്നിക്കണമെന്ന് എഫ്.ഡി.ഐ അഭ്യർഥിക്കുന്നു. കാരണം ഇത് ആഗോളതലത്തിൽ വ്യക്തിഗത ആരോഗ്യത്തെയും ആരോഗ്യ പരിപാലന സംവിധാനത്തെയും ബാധിക്കും. അതിനാൽ മികച്ച ദന്താരോഗ്യം ഉറപ്പാക്കാൻ അറിവ്, ഉപകരണങ്ങൾ, ആത്മവിശ്വാസം എന്നിവ വഴി ജനങ്ങളെ ശാക്തീകരിക്കണം.'വായയെ കുറിച്ച് അഭിമാനിക്കുക, സന്തോഷത്തിനും സൗഖ്യത്തിനും' എന്ന ആശയം മുൻനിർത്തി മൂന്നു വർഷത്തെ പ്രചാരണ പരിപാടികൾക്ക് 2021ൽ തുടക്കം കുറിച്ചിരുന്നു. ദന്താരോഗ്യത്തിനും അവയുടെ സംരക്ഷണം തുടരുന്നതിനും ജനങ്ങൾ വലിയ വില കൽപിക്കണം.'സന്തോഷത്തിനും സൗഖ്യത്തിനും ആരോഗ്യപൂർണമായ വായ പരമ പ്രധാനമാണ്'എന്ന വിഷയത്തിനാണ് ഈ വർഷം(2022) ഊന്നൽ.ദന്താരോഗ്യവും മാനസികാരോഗ്യവും കൈകോർത്തു പോകേണ്ടവയാണ്. ദുർബലമായ ദന്താരോഗ്യമുള്ള വ്യക്തി തന്റെ ദുർബലമായ ആത്മാഭിമാനവുമായി ഇത് കൂട്ടുചേരുമോ എന്നതിൽ ഒരുപക്ഷേ, ആശങ്കാകുലനായേക്കാം. അതിനാൽ, 'മനോഭാവവും വായയും' തമ്മിൽ ശക്തമായ പരസ്പരബന്ധമുണ്ട്. ആരോഗ്യമുള്ള പല്ലുകൾ ആത്മവിശ്വാസമുള്ള പുഞ്ചിരി സമ്മാനിക്കാനും സന്തോഷം പ്രസരിപ്പിക്കാനും സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.എന്തൊക്കെയാണ് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ?ഫ്ലൂറിൻ മിശ്രിതമുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ചുരുങ്ങിയത് ദിവസം രണ്ടുതവണ രണ്ടു മിനിറ്റ് പല്ലുതേക്കുക.പരിശോധനക്കായി നിങ്ങളുടെ ദന്ത ഡോക്ടറെ സന്ദർശിച്ച് കൃത്യമായി ചികിത്സ നടത്തുക.മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുക.പുകവലിയും പുകയില ഉൽപന്നങ്ങളും ഉപേക്ഷിക്കുക.സാങ്കേതികവിദ്യയുടെ വികാസം വഴി ഇന്ന് ദന്തചികിത്സ കൃത്യവും സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായിട്ടുണ്ട്.ആരോഗ്യമില്ലാത്ത വായ, ഒരാളുടെ വൈകാരികവും മാനസികവും ശാരീരികവുമായ സൗഖ്യമടക്കമുള്ള മൊത്തം ജീവിതത്തെയും ഒപ്പം മറ്റുള്ളവരെയും ഗുരുതരമായി ബാധിക്കുമെന്ന് ഈ ലോക ദന്താരോഗ്യ ദിനത്തിൽ നാം തിരിച്ചറിയണം.ദന്തസംരക്ഷണത്തിന് എന്തുചെയ്യാം?ഭൂരിഭാഗം പേരും എന്നും രാവിലെ ഒരാചാരം പോലെ ചെയ്തുവരുന്ന പല്ല് തേപ്പ് മാത്രമാണ് ദന്ത സംരക്ഷണത്തിനായി ചെയ്യുന്നത്.പല്ല് തേപ്പ് ദന്ത സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണെങ്കിലും അത് മാത്രം ചെയ്താൽ പോര, മറ്റ് ദന്ത സംരക്ഷണ മാർഗങ്ങളും ജീവിത ശൈലിയുടെ ഭാഗമാക്കണം. പല്ല് എങ്ങനെ തേക്കുന്നു എന്നുള്ളതും പ്രധാനപ്പെട്ടതാണ്.ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് ശീലമാക്കണം.Soft, medium, Hard എന്നീ 3 ഗണങ്ങളിൽ ബ്രഷുകൾ ലഭ്യമാണ്. soft, medium ബ്രഷുകളാണ് കൂടുതൽ അഭികാമ്യം.ചെറിയ കുഞ്ഞുങ്ങളെ പല്ല് തേപ്പിക്കാനായി വിരലിൽ ധരിക്കാവുന്ന ഫിംഗർ ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ബ്രഷിങ് കൂടുതൽ എളുപ്പമാക്കാൻ ഇലക്ട്രിക് ബ്രഷുകളും ഇന്ന് ലഭ്യമാണ്. ഏത് തരം ബ്രഷുകൾ ഉപയോഗിക്കുകയാണെങ്കിലും ബ്രഷിലെ നാരുകൾ വളഞ്ഞു തുടങ്ങിയാൽ മാറ്റണം. പല്ല് തേക്കുമ്പോൾ മുകളിൽ നിന്ന് താഴോട്ടും താഴെ നിന്ന് മുകളിലോട്ടും തേക്കാൻ ശ്രമിക്കുക. ബ്രഷ് ചെയ്യുമ്പോൾ കൂടുതൽ ബലം കൊടുക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും. കൂടുതൽ ബലത്തിൽ പല്ല് തേക്കുന്നത് പല്ല് തേയ്മാനത്തിനും മോണസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം.ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഉപരിതലത്തെ മാത്രമെ വൃത്തിയാക്കുന്നുള്ളൂ. എന്നാൽ പല്ലുകൾക്കിടയിലെ ചെറിയ വിടവുകളിലെ അഴുക്ക് നീക്കുന്നില്ല. ഇതിനായി ഡെന്റൽ ഫ്ലോസ് ഉപയോഗിക്കണം. പല്ലുകൾക്കിടയിലെ അഴുക്കുകളെ നാരുപോലുള്ള ഇവ ഉപയോഗിച്ച് നീക്കുന്ന രീതിയാണിത്. എല്ലാ ദിവസവും ഇത് ചെയ്യുന്നത് പല്ലുകളെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. മൗത്ത് വാഷുകൾ ഉപയോഗിക്കാം. രണ്ട് നേരം പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിച്ച് കവിൾകൊള്ളുക. വെള്ളത്തിൽ നേർപ്പിച്ചും അല്ലാതെയും ഉപയോഗിക്കുന്ന മൗത്ത് വാഷുകൾ വിപണിയിൽ ലഭ്യമാണ്.ചെറിയ കുട്ടികളുടെ കാര്യമെടുത്താൽ പാല്കുടിക്കുന്ന പ്രായത്തിൽ കോട്ടണും പല്ലുകൾ വന്ന് കഴിഞ്ഞാൽ ഫിംഗർ ബ്രഷും ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കണം. ക്രമേണ പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ല് തേക്കുന്നതിലേക്ക് കുട്ടികളെ മാറ്റിയെടുക്കുക. കുട്ടികളിൽ ഫ്ലൂറൈഡ് ചികിത്സ നടത്തി പല്ലുകൾ കേടുവരുന്നത് തടയുകയും ചെയ്യാം.ചില കുട്ടികളിൽ വിരൽ കടിക്കൽ, വായ തുറന്ന് ഉറങ്ങൽ, നാക്ക് തള്ളൽ തുടങ്ങിയ ശീലങ്ങൾ കാണാറുണ്ട് ഇവ തുടർന്ന് പോയാൽ അത് ഗുരുതര ദന്ത വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം അത്തരം സാഹചര്യങ്ങളിൽ ഉടൻ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.വർഷത്തിൽ രണ്ടുതവണയെങ്കിലും പല്ല് ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം.ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വായിലെ ജലാംശം കുറയുന്നത് വായ്നാറ്റമുണ്ടാക്കുന്നതിനും മറ്റ് ദന്ത രോഗങ്ങൾക്കും കാരണമാകാറുണ്ട്.ആറുമാസത്തിലൊരിക്കൽ ദന്തരോഗ വിദഗ്ധനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്തുക.പല്ലല്ലാതെ എന്തെല്ലാം ശ്രദ്ധിക്കണം?വായിൽ പല്ലുകൾക്ക് മാത്രമല്ല അനുബന്ധ അവയവങ്ങൾക്കും ധാരാളം രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വായിലുണ്ടാകുന്ന അർബുദത്തെയാണ്. പാൻമസാല, പുകവലി തുടങ്ങിയ ശീലങ്ങളുടെ ഫലമായാണ് വായിൽ അർബുദമുണ്ടാകുന്നത്. ഇത്തരം ശീലങ്ങളിൽനിന്ന് മാറിനിൽക്കേണ്ടതും ദന്താരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ്. വായിൽ തുടർച്ചയായി ഉണ്ടാകുന്ന മുറിവുകൾ, നാക്കിലോ വായിൽ മറ്റെവിടെയെങ്കിലോ കാണപ്പെടുന്ന തടിപ്പുകൾ, വെളുത്ത നിറത്തിലുള്ള പാടുകൾ എന്നിവ അപകടസൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ നേടുക. കൂർത്ത പല്ലുകൾ തട്ടി സ്ഥിരമായി ഉണ്ടാകുന്ന മുറിവുകൾ, രണ്ടാഴ്ചയിൽ കൂടുതലായി ഉണങ്ങാതെ നിൽക്കുന്ന വായ്പുണ്ണുകൾ തുടങ്ങിയവയും അർബുദമായി മാറാറുണ്ട്.ദന്തരോഗം പോലെ തന്നെ ദന്താരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് മോണരോഗം. പല്ലുകൾ ക്ലീൻ ചെയ്യാത്തതിന്റെ ഫലമായി പല്ലിൽ പ്ലാക്ക് അടിഞ്ഞുകൂടി മോണയിൽ പഴുപ്പ് പടരുന്നതാണിത്. ഇതിന്റെ ഫലമായി മോണയിൽനിന്ന് രക്തം വരുക, മോണയിറങ്ങുക, പല്ലുകൾ ഇളകിപ്പോകുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം. പ്രമേഹം പോലുള്ള മറ്റുള്ള രോഗങ്ങൾ മോണ രോഗത്തിന്റെ തീവ്രത കൂട്ടാറുണ്ട്. മോണരോഗ വിദഗ്ധന്റെ ഫലപ്രദമായ ചികിത്സ വഴി മോണരോഗത്തിൽനിന്ന് രക്ഷനേടാം.വായിലുണ്ടാകുന്ന അണുബാധ നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേയും ബാധിക്കാറുണ്ട്. മികച്ച ആത്മവിശ്വാസത്തിനും മികച്ച പുഞ്ചിരിക്കും നല്ല ദന്താരോഗ്യം നിർബന്ധമാണ്. നമ്മുടെ ജീവിത ശൈലിയിൽ മേൽപറഞ്ഞ മാറ്റങ്ങൾ വരുത്തിയാൽ നമുക്കും മികച്ച ദന്താരോഗ്യം സൃഷ്ടിക്കാനാകും. ഈ ദന്താരോഗ്യ ദിനത്തിൽ നമുക്ക് ചുറ്റിലും നിറപുഞ്ചിരികൾ സൃഷ്ടിക്കാൻ കൈകോർത്തിറങ്ങാം.കുഞ്ഞുങ്ങളുടെ മോണ സംരക്ഷണംഒരു കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കു ശേഷം തന്നെ ദന്തസംരക്ഷണം തുടങ്ങേണ്ടതാണ്.ദന്തസംരക്ഷണം പല്ലിന് മാത്രമല്ല, മോണയുടേത് കൂടിയാണ്.അതിനാൽ കുഞ്ഞുങ്ങളുടെ മോണസംരക്ഷണത്തെപ്പറ്റി ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. വൃത്തിയുള്ള കോട്ടൺ തുണി ഇളം ചൂടുവെള്ളത്തിൽ മുക്കി കുഞ്ഞുങ്ങളുടെ മോണ വൃത്തിയാക്കാവുന്നതാണ്.ആദ്യ പല്ല് വന്നത് മുതൽ തന്നെ കുട്ടിയെ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ദന്തസംരക്ഷണം തുടങ്ങേണ്ടതുണ്ട്. മക്കളിൽ ഇങ്ങനെയൊരു ശീലം വളർത്തിയെടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ചുമതലയാണ്.കുഞ്ഞുങ്ങൾക്ക് ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾകുട്ടികളുടെ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ഫ്‌ളൂറൈഡ് അംശം ഉള്ളത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മൂന്ന് വയസ്സ് വരെ കുട്ടികൾക്ക് 1000 ppm വരെയും,3 വയസ്സിനു മുകളിൽ ഉള്ളവർക്ക് 1350 - 1500 ppm വരെ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്. ഫ്ലൂറൈഡ്നു നമ്മുടെ വായിലെ ബാക്ടീരിയയുടെ പ്രവർത്തനം തടയുവാനും അതിലൂടെ പല്ല് കേടാകാതെ സൂക്ഷിക്കാനും കഴിയും. എന്നാൽ, മൂന്ന് വയസ്സ് വരെ ഉള്ള കുട്ടികൾക്ക് ഒരു അരിമണിയുടെ അളവും 3 വയസിൽ മുകളിൽ ഉള്ളവർക്കു ഒരു പയർ മണിയുടെ അളവ് ടൂത്ത് പേസ്റ്റ് മതി ബ്രഷ് ചെയ്യാൻ.കുട്ടികളുടെ ടൂത്ത് ബ്രഷ് സോഫ്റ്റ് ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.ജോബി ബേബി,നഴ്‌സ്,കുവൈറ്റ്(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ ).
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?