യാ ഹലാ ലക്കിഡ്രോ : 73 പ്രതികളുടെ വിചാരണ ഡിസംബർ 8-ലേക്ക് മാറ്റി ക്രിമിനൽ കോടതി

  • 18/11/2025


കുവൈത്ത് സിറ്റി: വാണിജ്യ നറുക്കെടുപ്പുകളിൽ ആസൂത്രിതമായി തട്ടിപ്പ് നടത്തിയ കേസിൽ ഉൾപ്പെട്ട 73 പ്രതികൾക്കെതിരായ വിചാരണയുടെ ആദ്യ സെഷൻ ക്രിമിനൽ കോടതിയിൽ നടന്നു. കേസ് ഫയൽ പൂർണ്ണമായി പരിശോധിക്കാൻ സമയം അനുവദിക്കുന്നതിനായി കോടതി വിചാരണ ഡിസംബർ 8-ലേക്ക് മാറ്റിവെച്ചു. കൂടാതെ, പ്രതികളെ മോചിപ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ കോടതി തള്ളി. അതിനാൽ അടുത്ത സെഷൻ വരെ ഇവർ കസ്റ്റഡിയിൽ തുടരും. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പുകളിലാണ് തട്ടിപ്പ് നടന്നത്.

കഴിഞ്ഞ മാസം അവസാനം കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതികളെ ക്രിമിനൽ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങളിൽ കൈക്കൂലി, ഔദ്യോഗിക ഇലക്ട്രോണിക് രേഖകളുടെ കൃത്രിമം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. പ്രോസിക്യൂഷൻ്റെ റിപ്പോർട്ട് അനുസരിച്ച്, പ്രതികൾ ഒരു സംഘടിത ശൃംഖലയായി പ്രവർത്തിച്ചുകൊണ്ട് 110 വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ചു. ഈ നറുക്കെടുപ്പുകളുടെ ആകെ മൂല്യം 1.2 ദശലക്ഷം കുവൈറ്റ് ദിനാറിൽ കൂടുതലാണ്.

Related News