സൂഖ് അൽ-മുബാറക്കിയയിൽ ഫയർ ഫോഴ്സ് പരിശോധന: 70 സ്ഥാപനങ്ങൾക്കെതിരെ നടപടി

  • 18/11/2025


കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാപിറ്റൽ ഗവർണറേറ്റിലെ സൂഖ് അൽ മുബാറക്കിയയിൽ കുവൈത്ത് ഫയർ ഫോഴ്സ് പരിശോധന നടത്തി. കാപിറ്റൽ ഗവർണറേറ്റിലെ പ്രിവൻഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് യൂസഫ് അഹമ്മദാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കടകളും കെട്ടിടങ്ങളും അഗ്നിശമന ചട്ടങ്ങളും നിർബന്ധിത സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി വിപണിയിൽ ഉടനീളം ഫയർ ഫോഴ്സ് സംഘം വിശദമായ പരിശോധന നടത്തി.

പരിശോധനയുടെ ഭാഗമായി നിയമലംഘന നോട്ടീസുകൾ, മുന്നറിയിപ്പുകൾ, താൽക്കാലികമായി കടകൾ അടച്ചുപൂട്ടൽ എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 70 സ്ഥാപനങ്ങൾക്കും വാണിജ്യ ഔട്ട്‌ലെറ്റുകൾക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിനും തീപിടുത്ത സാധ്യതകൾ കുറയ്ക്കുന്നതിനും കുവൈത്തിലെ എല്ലാ വാണിജ്യ മേഖലകളിലും ഫയർ ഫോഴ്സിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള തുടർശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ക്യാമ്പയിനുകൾ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related News