ആകാശത്തേയ്ക്കു കരയുന്ന ബാല്യം

  • 16/09/2020

ബഹളങ്ങളിൽ പൂരം തിളങ്ങുന്നതിനിടയ്ക്കു  
ബലൂണുമായി ആകാശം 
അന്നേരം അത് നോക്കി കരയുന്ന ബാല്യം 
എന്റെയീ ഓർമ്മയുടെ ഭൂഗർഭജലധാര കിലുങ്ങി 
എനിയ്ക്ക് മാത്രം കേൾക്കാവുന്ന കാണാവുന്ന 
ശബ്ദങ്ങൾ കാഴ്ചകൾ 
പൂരപ്പറമ്പ് തന്നെ തേക്കിൻകാട് മൈതാനം 
അതിൻ്റെ വട്ടത്തിന്റെ വലിപ്പം 
വാഹനങ്ങളെ കിതപ്പിക്കുന്നതാണ് 
എല്ലാ തെമ്മാടിത്തരങ്ങളും അലക്കി 
വൃത്തിയായി തേച്ചു മിനുക്കിയ 
ഖദർ കുപ്പായത്തിൽ ഒളിച്ചു 
കറുത്ത മീശയുടെ താഴെ 
വിരിയുന്ന പൂക്കളിൽ 
മാന്യനായി മാറ്റുന്ന പറമ്പ്!
വൃത്തിയായി മടക്കി കക്ഷത്തിൽ 
നിവേദനങ്ങൾ ശ്വാസം മുട്ടി! 
വേവാത്ത കഷ്ടപാടുകളുടെ ചെമ്പ് 
കക്ഷത്തിരുന്നു തിളച്ചു 
ഉണങ്ങാത്ത വേദന മറിച്ചും തിരിച്ചും ഇട്ടു
വെയിൽ മടുത്തു  
അതിൽ നിന്നൊരു വേദന 
കാറ്റത്ത് കരഞ്ഞു പറന്നു
ദിഗന്തങ്ങൾ അത് ഏറ്റെടുത്തു
തെരുവിനു ജീവൻ തിരിച്ചു കിട്ടിയപ്പോഴൊക്കെ 
ആവർത്തനങ്ങൾ കൊണ്ട് മടുപ്പിച്ചു..
 

അത്ഭുതങ്ങളുടെ 
കണ്ണാടിക്കൂടുകളിലേക്കു 
കൂട്ടങ്ങളുടെ ഉത്കണ്ഠ തിക്കിത്തിരക്കി 
പൂരപ്പറമ്പിന്റെ വട്ടത്തിനുള്ളിൽ 
നിരവധി വട്ടങ്ങൾ 
അതിലൊരു വട്ടത്തിൽ 
എൻ്റെ വേവലാതി 
വെറുതെ തിങ്ങിക്കൂടിയ 
മനുഷ്യരുടെ മുഖത്തെ 
ഭയത്തിൻ്റെ ആവരണം 
എന്നാൽ തിക്കി തിരക്കി
ഉത്കണ്ഠകളും വേവലാതികളും 
അകലങ്ങൾ കുറച്ചു 
അകലങ്ങൾ ജീവിക്കാൻ വേണ്ടി 
അകലങ്ങൾ ഇല്ലാതാക്കുന്നതും 
ജീവിപ്പിക്കാൻ വേണ്ടി 
അതിനെ വടിച്ചുകളഞ്ഞു കൊണ്ട് 
പ്രകൃതി കൊഞ്ഞനം കുത്തി
നിലപാടുകളിൽ ഉറച്ചു കൊണ്ട്...

Related Blogs