പ്രേത പൂർണമായ രാത്രി; കവിത : അഷ്‌റഫ് കാളത്തോട്‌

  • 20/10/2020

കാനനം ശ്‌മശാനമൂകത 
പേറുന്നൊരു രാത്രിയുണ്ടാകും 
ചുടുരക്തം ഒഴുകുന്ന വഴികളിൽ 
ചെന്നായക്കണ്ണുകൾ പതിഞ്ഞിരിക്കുന്ന 
തുറിച്ച പകലും ഉണ്ടാകും 
ചിറകിൽ ഇരയുടെ ഭാരം ആനന്ദമാകുന്ന 
ഗരുഡന്മാർ ആകാശത്തിൽ വട്ടമിട്ടുപറക്കും   
പിഞ്ചുകിടാങ്ങള്‍ കരയാതെ നൃത്തം ചെയ്യും 
കിളിയൊച്ചകള്‍ നിലച്ച പ്രേത പൂർണമായ രാത്രിയിൽ 
നിഴലുകൾ ഭൂമിയിൽ സഞ്ചരിച്ചു പേടിപ്പെടുത്തും 
തീക്കണ്ണുകൾ ആകാശത്തിൽ നിന്നുമുതിർന്നു
ഭൂമിയെ നരക തുല്യമാക്കും..
കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും 
ഇല്ലാത്തതൊക്കെ നമ്മളെ തേടിയെത്തും 
എന്നാൽ നമ്മൾ ഏതോ വാല്മീകത്തിനുള്ളിൽ 
ഭയത്തിൻ്റെ പുറംതോട് പൊട്ടിക്കുവാനാകാതെ 
കരഞ്ഞു കൊണ്ടിരിക്കും.

അഷ്‌റഫ് കാളത്തോട്‌ 

Related Blogs