നിർഭയം നേരിടാം കാൻസർ

  • 03/02/2021

 
ഫെബ്രുവരി 4 ലോകമെമ്പാടും ലോക അർബുദ ദിനമായി ആചരിക്കുന്നു .കാൻസറിനെ പറ്റിയുള്ള അവബോധം ജനങ്ങൾക്കിടയിൽ വർധിപ്പിക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ വർഷവും ഒരു ചിന്താവിഷയം ഉണ്ടായിരിക്കും .ഈ വർഷത്തേത് “ഞാൻ ആരാണ് ?എനിക്ക് എന്തുചെയ്യാൻ സാധിക്കും ?”(I Am And I Will) എന്നതാണ് .കാൻസർ ഇന്ന് ഒരു അപൂർവ്വ രോഗമല്ല എന്നതിനാൽ കൂടി കാൻസർ രോഗത്തെ നേരിടാൻ ലോകം ഒറ്റക്കെട്ടായി ശ്രമിക്കുന്നു .രോഗത്തെപ്പറ്റിയുള്ള അറിവും ചികിത്സയിലെ മുന്നേറ്റവും മുൻപ് എന്നത്തെക്കാളും  അധികമാണ് .തുടക്കത്തിൽ കണ്ടെത്തിയാൽ രോഗമുക്തിക്കുള്ള സാധ്യത ഏറുമെന്നത് എല്ലാവരും മനസ്സിലാക്കുന്നു .രോഗപ്രധിരോധത്തിനായി ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിനെ പറ്റി ഏവരും വാചാലരാണ് .മാറിയ ജീവിത സാഹചര്യങ്ങൾ കാൻസറിന്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു .അതിനാൽ തന്നെ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ലോകം പ്രതീക്ഷിക്കുന്നു .ആരോഗ്യ പ്രവർത്തകരും, രോഗികളും , പൊതുജനങ്ങളും രോഗത്തെ നേരിടാൻ ഒന്നിച്ചു പൊരുതേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയേണ്ടതില്ലല്ലോ .
 
ഞാൻ ഒരു കാൻസർ രോഗി ആണെങ്കിൽ :- എന്റെ രോഗത്തെ പറ്റി പരമാവധി അറിയാൻ ശ്രമിക്കും .എന്റെ ഡോക്ടറിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കും .ഞാൻ എന്റെ രോഗത്തെ ഒരു പോസിറ്റീവ് മനോഭാവത്തോടെ നേരിടും .എന്റെ ജീവിതശൈലിയിൽ  വേണ്ട മാറ്റങ്ങൾ ഞാൻ ക്രമീകരിക്കും .ഡോക്ടർ നിർദ്ദേശിക്കുന്ന വ്യായാമങ്ങൾ ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും .എന്റെ ഭക്ഷണ ക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഞാൻ കൂടുതലായി ഉൾപ്പെടുത്തും .ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും ഞാൻ നേടുന്ന അറിവുകൾ ശരിയാണോ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചറിയും .എന്റെ രോഗത്തിന്റെ അവസ്ഥയും ,ചികിത്സാരീതികളും ,ചികിത്സിച്ചു മാറാനുള്ള സാധ്യതയും ഞാൻ ഡോക്ടറിൽ നിന്നും ചോദിച്ചു മനസ്സിലാക്കും .ചികിത്സ പൂർത്തിയായ ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിൽ പരിശോധനയ്ക്കായി പോവുകയും ചെയ്‌യും .അസുഖം ഭേദമായ ശേഷം മറ്റ് രോഗികൾക്ക്‌ ധൈര്യം പകർന്നു കൊടുക്കാൻ ഞാൻ ശ്രമിക്കും .
 
ഞാൻ ആരോഗ്യമുള്ള ഒരു വ്യക്‌തി ആണെങ്കിൽ :-കാൻസർ രോഗത്തെ പറ്റി അറിവ് നേടാൻ ശ്രമിക്കും .ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഏതെല്ലാമാണ് എന്ന് അറിയാൻ ഞാൻ ശ്രമിക്കും .ആരോഗ്യമുള്ള ജീവിതശൈലി ആണ് എന്റേത് എന്ന് ഞാൻ ഉറപ്പുവരുത്തും .എന്റെ സുഹൃത്തുക്കൾ /അയല്പക്കകാർ /ബന്ധുക്കൾ ഇവർക്ക് കാൻസർ രോഗം ഉണ്ടെങ്കിൽ എന്നെകൊണ്ട് ആവുന്ന സഹായം ഞാൻ ചെയ്‌യും .എനിക്ക് പുകവലി ,മദ്യപാന ശീലങ്ങൾ ഉണ്ടെങ്കിൽ ഞാൻ ഉപേക്ഷിക്കും .എന്റെ ഭക്ഷണ ക്രമത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഞാൻ ഉൾപ്പെടുത്തും .കാൻസർ രോഗികൾക്ക് തെറ്റായ അറിവ് പകർന്ന് കൊടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും .
 
ഞാൻ ഒരു ആരോഗ്യ പ്രവർത്തകൻ ആണെങ്കിൽ :-മുൻപിൽ ഇരിക്കുന്ന രോഗിയിൽ കാൻസറിന്റേതായ ലക്ഷങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കും .രോഗം ആരംഭദിശയിൽ കണ്ടെത്താൻ ഞാൻ പരമാവധി ശ്രമിക്കും .കാൻസറിന്‌ സാധ്യത കൂടുതൽ ഉള്ള രോഗികൾക്ക് രോഗപ്രധിരോധത്തിനായി എന്തു ചെയ്യണമെന്ന് ഞാൻ പറഞ്ഞു കൊടുക്കും .പുകവലി ശീലമുള്ള രോഗികൾക്ക് അത്‌ നിർത്താനുള്ള സഹായം ചെയ്തു കൊടുക്കും .രോഗം കണ്ടെത്തിയാൽ രോഗിയെ ധൈര്യപ്പെടുത്തിയ ശേഷം മാത്രമേ ഞാൻ ഒരു കാൻസർ വിദഗ് ദ്ധന്റെ  അടുത്ത് അയക്കൂ .രോഗിയോട് കൂടുതൽ സഹാനുഭൂതിയുള്ള ആരോഗ്യ പ്രവർത്തകൻ അകാൻ ഞാൻ ശ്രമിക്കും .
 
ഞാൻ ഒരു പൊതു പ്രവർത്തകൻ /ഭരണകർത്താവ് ആണെങ്കിൽ :-എന്റെ പ്രവർത്തന മണ്ഡലത്തിൽ കാൻസർ രോഗികൾ കൂടുതലായി കാണുന്നുവെങ്കിൽ അതിനുള്ള കാരണം കണ്ടെത്തുവാൻ ശ്രമിക്കും .രോഗ പ്രതിരോധത്തെ പറ്റിയും രോഗ നിർണയത്തെ പറ്റിയും ജനങ്ങളെ അവബോധരക്കുവാൻ ഞാൻ ക്ലാസുകൾ സംഘടിപ്പിക്കും .എന്റെ ജനങ്ങളുടെ ആരോഗ്യത്തെപ്പറ്റി ഞാൻ ഉത്കണ്ഠ ഉള്ളവനായിരിക്കും .കുടിക്കുന്ന വെള്ളവും ,ശ്വസിക്കുന്ന വായുവും ,കഴിക്കുന്ന ആഹാരവും മലിനമല്ല എന്ന് ഞാൻ ഉറപ്പുവരുത്തും .
 
“ഇപ്രകാരം നിങ്ങൾ ആരുമായിക്കൊള്ളട്ടെ .കാൻസറിനെതിരെ നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യാൻ സാധിക്കണം .നമ്മുക്ക് ഒറ്റകെട്ടായി പൊരുതാം .കാൻസറിനെ തോൽപ്പിക്കാം “.

ജോബി ബേബി, നേഴ്സ് ,കുവൈറ്റ്  

Related Blogs