കുവൈറ്റ് സിറ്റി: 2026-2027 പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തിയതോടെ, രാജ്യത്തുടനീളമുള്ള റോഡുകളുടെയും ജംഗ്ഷനുകളുടെയും തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകൾക്ക് മുന്നിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സെൻട്രൽ കൺട്രോൾ റൂമിലെ സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഗതാഗതം സസൂക്ഷ്മം നിരീക്ഷിച്ചു.
റോഡുകളിൽ വിന്യസിച്ചിരിക്കുന്ന 338 ട്രാഫിക് നിരീക്ഷണ ക്യാമറകൾ വഴി വാഹനങ്ങളുടെ നീക്കങ്ങളും തിരക്കേറിയ ഭാഗങ്ങളും തത്സമയ ട്രാഫിക് മാപ്പിലൂടെയാണ് കൺട്രോൾ റൂമിൽ നിരീക്ഷിക്കുന്നത്. ഇതുവഴി ഗതാഗത തടസ്സങ്ങൾ പെട്ടെന്ന് പരിഹരിക്കാനും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും അവിടേക്കുള്ള റോഡുകളിലും ഗതാഗതം സുഗമമാക്കാനും സാധിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ മുതൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഗതാഗത സാഹചര്യം വിലയിരുത്തി വരുന്നുണ്ട്. ഫീൽഡിൽ വിന്യേചിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്ന ജോലികളിലും ഇവർ വ്യാപൃതരാണ്.



