കുവൈത്ത്സിറ്റി: ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ, കമ്പനി ഉടമകൾക്കും മാനേജർമാർക്കും വേണ്ടിയുള്ള ഡിജിറ്റൽ ഒപ്പ് (ഇലക്ട്രോണിക് സിഗ്നേച്ചർ) സേവനം സജീവമാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകി. പുതിയ കമ്പനികൾ ആരംഭിക്കുന്നതിനും നിലവിലെ കമ്പനികളിൽ ഭേദഗതികൾ വരുത്തുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഡിജിറ്റൽ ഒപ്പ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ ഒപ്പ് സേവനം സജീവമാക്കാനാണ് ബിസിനസ്സ് ഉടമകളോടും മന്ത്രാലയ സന്ദർശകരോടും അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
പബ്ലിക് അല്ലെങ്കിൽ ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ, വ്യക്തിഗത സ്ഥാപനങ്ങൾ, ഹോം അധിഷ്ഠിത ബിസിനസ്സ് ഉടമകൾ തുടങ്ങിയ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന്റെ ഈ സർക്കുലർ ബാധകമാണ്.സേവനം നിർബന്ധമാക്കുന്ന തീയതി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് നടപ്പിലാക്കുമ്പോൾ ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ മുൻകൂട്ടി ചെയ്യണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.



