കുവൈറ്റ് സിറ്റി : കുവൈത്തിലെ 19 മേഖലകളിൽ സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച രാവിലെ 8 മണി മുതൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഓരോ സ്റ്റേഷന്റെയും പ്രവർത്തനക്രമം അനുസരിച്ച് വൈദ്യുതി വിതരണം നാല് മണിക്കൂർ വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്.സുലൈബിയ റെസിഡൻഷ്യൽ ഏരിയയിലെ ബ്ലോക്ക് 5, 10, മിഷ്റിഫ് ബ്ലോക്ക് 1, ഫുനൈറ്റീസ് ബ്ലോക്ക് 7, മസായേൽ ബ്ലോക്ക് 1, സാൽമിയ ബ്ലോക്ക് 3, ബയാൻ ബ്ലോക്ക് 3, 5 എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
ജോലിയുടെ സാഹചര്യവും സാങ്കേതിക നടപടികളും അനുസരിച്ച് വൈദ്യുതി മുടങ്ങുന്ന സമയത്തിൽ മാറ്റമുണ്ടാകാമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും വൈദ്യുതി വിതരണം കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ.



