കുവൈത്ത് സിറ്റി: നഴ്സറിക്കുള്ളിൽ വെച്ച് കുട്ടിക്ക് നേരെ ക്രൂരത നടത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളെ തുടർന്ന് അധികൃതർ കർശന നടപടി സ്വീകരിച്ചു. സാമൂഹിക കാര്യ, കുടുംബ, ബാലാവകാശ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്ന് സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ-കന്ദരി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാവിനെയും നഴ്സറി ചുമതലയുള്ള വ്യക്തിയെയും വിളിപ്പിച്ച് ചോദ്യം ചെയ്യാനും വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൽ മന്ത്രിയുടെ നിലപാട് കർശനമാണെന്നും, കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു വീഴ്ചയും വെച്ചുപൊറുപ്പിക്കില്ലെന്നും അൽ-കന്ദരി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



