കുവൈറ്റ് സിറ്റി: കുവൈറ്റിലെ പല പ്രമുഖ പ്രദേശങ്ങളുടെയും പേരുകൾക്ക് പിന്നിൽ പ്രകൃതിദത്തമായ ഭൂഗർഭ, ഭൂമിശാസ്ത്ര സവിശേഷതകളുണ്ടെന്ന് കുവൈറ്റ് സൊസൈറ്റി ഫോർ എർത്ത് സയൻസസ് ഭരണസമിതി അധ്യക്ഷൻ ഡോ. മുബാറക് അൽ ഹജ്‌രി. സെപ്റ്റംബർ 13-ന് ആചരിക്കുന്ന അന്താരാഷ്ട്ര ഗുഹാ ദിനത്തോട് അനുബന്ധിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
അൽ-ദാഹർ, ജൽ അൽ-സൂർ, അൽ-മുത്‌ല, അൽ-മൻഖഫ്, അൽ-റൗദതൈൻ, സുലൈബിഖാത്ത് തുടങ്ങി നിരവധി പ്രദേശങ്ങളുടെ പേരുകൾ അവിടുത്തെ പാറക്കെട്ടുകളുടെ സ്വഭാവവുമായും ഭൂപ്രകൃതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന പ്രദേശമെന്ന അർത്ഥം വരുന്ന ‘ദാഹർ അൽ-അദൻ’ എന്ന വാക്കിൽ നിന്നാണ് ‘ദാഹർ’ എന്ന പേരുണ്ടായത്. കുന്നിൻനിരകൾക്കും പാറക്കൂട്ടങ്ങൾക്കും പ്രസിദ്ധമായ ജൽ അൽ-സൂറിൽ ഗുഹ പോലുള്ള പ്രകൃതിദത്ത അറകൾ കാണപ്പെടുന്നുണ്ടെന്നും, ഇവിടേക്ക് പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വടക്കൻ കുവൈറ്റിലെ ഉയർന്ന പീഠഭൂമിയെ സൂചിപ്പിക്കുന്നതാണ് ‘അൽ-മുത്‌ല’ എന്ന പേര്. വൻകിട കപ്പലുകളുടെ നങ്കൂരം ഉറച്ചുനിൽക്കാത്ത പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരമായതിനാലാണ് ‘അൽ-മംഗഫ്’ എന്ന പേര് വന്നത്. മഴവെള്ളം ശേഖരിക്കപ്പെട്ട് ഫലഭൂയിഷ്ഠമായ താഴ്‌വരയായി മാറുന്ന ഭൂപ്രകൃതിയായതിനാലാണ് ‘അൽ-റൗദതൈൻ’ എന്ന് ആ പ്രദേശത്തിന് പേരുവന്നതെന്നും ഡോ. മുബാറക് അൽ ഹജ്‌രി വിശദീകരിച്ചു.



