കുവൈറ്റ് സിറ്റി : കുവൈത്തിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട എട്ട് തരത്തിലുള്ള നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.സഹേൽ ആപ്പിലെ ‘ബല്ലിഗ്നി’ എന്ന സേവനത്തിലൂടെയാണ് സ്വദേശികൾക്കും പ്രവാസികൾക്കും പരാതികൾ സമർപ്പിക്കാൻ കഴിയുക.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, കരാറോ രസീതോ നൽകാതെ അധിക പണം ഈടാക്കൽ, അനധികൃത തൊഴിലാളികൾ, പൊതുസ്ഥലങ്ങളിലെ സുരക്ഷാ നിയമലംഘനങ്ങൾ, തൊഴിലാളികൾക്കെതിരായ ശാരീരിക പീഡനം, തൊഴിലാളികളുടെ ലിംഗവിഭാഗത്തിന് അനുവദിക്കാത്ത ജോലികളിൽ നിയമിക്കൽ, 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കൽ എന്നിവ റിപ്പോർട്ട് ചെയ്യാം.കൂടാതെ വേനൽക്കാലത്ത് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ നിരോധിത സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിചെയ്യിക്കുന്നതിനെതിരെയും പരാതി നൽകാം.
സഹേൽ ആപ്പിൽ നിയമലംഘനത്തിന്റെ തരം തിരഞ്ഞെടുത്ത് വിശദാംശങ്ങൾ, സ്ഥലം, തെളിവായ ഫോട്ടോകൾ എന്നിവ ചേർത്ത് പരാതി സമർപ്പിക്കാം. തുടർന്ന് പരാതിയുടെ റഫറൻസ് നമ്പർ ലഭിക്കും.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.



