HomeGULFഓൺലൈൻ ടാക്സി സർവീസുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്; ക്യാമറകളും കർശന നിബന്ധനകളും നിർബന്ധമാക്കി പുതിയ ഉത്തരവ്

ഓൺലൈൻ ടാക്സി സർവീസുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്; ക്യാമറകളും കർശന നിബന്ധനകളും നിർബന്ധമാക്കി പുതിയ ഉത്തരവ്

spot_img

കുവൈറ്റ്സിറ്റി: കുവൈത്തിൽ ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴിയുള്ള യാത്രാ ഗതാഗത, ബ്രോക്കറേജ് സേവനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ഒപ്പുവെച്ച 893/2026 നമ്പർ മന്ത്രാലയ പ്രമേയമാണ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് സർവീസ് നടത്തുന്ന കമ്പനികൾ, സ്ഥാപനങ്ങൾ, ഡ്രൈവർമാർ, വാഹനങ്ങൾ എന്നിവയ്ക്ക് ബാധകമായ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

പുതിയ ഉത്തരവ് പ്രകാരം ഇത്തരം സർവീസുകൾ നടത്തുന്ന കമ്പനികൾ വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസിന് പുറമെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതിയും നേടിയിരിക്കണം. യാത്രക്കാരുടെ വിവരങ്ങൾ, യാത്രാവിവരങ്ങൾ, വാഹനം, ഡ്രൈവർ എന്നിവരുടെ വിശദാംശങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ലോഗ് കമ്പനികൾ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ടാക്സി വാഹനങ്ങൾക്കുള്ളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. ഈ ദൃശ്യങ്ങൾ കുറഞ്ഞത് 120 ദിവസത്തേക്ക് എങ്കിലും സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. ആവശ്യപ്പെടുന്ന പക്ഷം ഈ വിവരങ്ങൾ സുരക്ഷാ അധികാരികൾക്ക് കൈമാറാൻ കമ്പനികൾ ബാധ്യസ്ഥരാണ്. നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാനും റദ്ദാക്കാനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് പൂർണ്ണ അധികാരമുണ്ടായിരിക്കും.

കുവൈത്ത് പൗരന്മാർക്ക് ഈ മേഖലയിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിനും കർശനമായ 7 മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് ക്രിമിനൽ പശ്ചാത്തലമോ ഗുരുതരമായ ട്രാഫിക് അപകട ചരിത്രമോ ഉണ്ടാകരുത്. കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. ഉപയോഗിക്കുന്ന വാഹനം എയർകണ്ടീഷൻ ചെയ്തതും നിർമ്മാണ തീയതി മുതൽ 3 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായിരിക്കണം. 7 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ സർവീസിന് ഉപയോഗിക്കാൻ പാടില്ല. കൂടാതെ വാഹനം സ്വന്തം പേരിലായിരിക്കണം.

മൂന്ന് മുതൽ ഏഴ് വരെ യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. ഡ്രൈവർക്ക് സാധുവായ ലൈസൻസും ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പെർമിറ്റും ഉണ്ടായിരിക്കണം. ഈ പെർമിറ്റ് വർഷം തോറും പുതുക്കേണ്ടതുമാണ്. നിലവിലുള്ള കമ്പനികൾക്ക് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2020-ലെ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ പുതിയ നിയമം കുവൈത്ത് പ്രാബല്യത്തിൽ വരുത്തുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!