കുവൈത്ത്: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ കുവൈത്ത് (ഐവ കുവൈത്ത് ) ന്റെ ആഭിമുഖ്യത്തിൽ “ഇസ്ലാമിലെ സ്ത്രീ – പ്രചാരണവും യാഥാർത്ഥ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.ഖുർആൻ പാരായണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. നബീല ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. തുടർന്ന് ജൈഹാൻ സജീർ സ്വാഗതം ആശംസിച്ചു. ഐവ പ്രസിഡന്റ് സമിയ ഫൈസൽ അധ്യക്ഷ പ്രസംഗം നടത്തി. സ്ത്രീകൾക്ക് ജനിക്കാനും ജീവിക്കാനും അവകാശമില്ലാത്ത ഒരു കാലത്താണ് വിശുദ്ധ ഖുർആൻ സ്ത്രീകൾക്ക് മാന്യമായി ജനിക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനന്തര സ്വത്തിൽ അവർക്ക് അവകാശം നിർണയിച്ചു കൊടുക്കുകയും ചെയ്തത് എന്ന് അധ്യക്ഷ സൂചിപ്പിച്ചു.
തുടർന്ന് ഹസ്ന കളത്തിൽ “ഇസ്ലാമിലെ സ്ത്രീ – പ്രചാരണവും യാഥാർത്ഥ്യവും” എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി. ഇസ്ലാമിൽ സ്ത്രീക്ക് ലഭിക്കുന്ന അവകാശങ്ങളും സ്ഥാനവും സംബന്ധിച്ച് സമൂഹത്തിൽ പ്രചരിക്കുന്ന ധാരണകളും യാഥാർത്ഥ്യവും വിവിധ തലങ്ങളിൽ അവതരിപ്പിച്ചു. വിമർശനാത്മക പ്രചാരണങ്ങൾക്ക് അപ്പുറം, ഇസ്ലാമിക നിയമങ്ങൾ സ്ത്രീക്ക് നൽകുന്ന സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും എടുത്തുപറയുന്നതായിരുന്നു അവതരണം.
പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സോസോവന, സാമൂഹിക പ്രവർത്തകയും കേരള ഡിഫറന്റ്ലി ഏബിൾഡ് അസോസിയേഷൻ പ്രസിഡന്റുമായ ഷൈനി ഫ്രാങ്ക്, ഫ്രൈഡേ ഫോറം പ്രസിഡന്റ് സീനത്ത് യാക്കൂബ്, CIGI വിമൺസ് കളക്ടീവ് കുവൈത്ത് പ്രസിഡന്റ് ഫർഹ, മലപ്പുറം അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ. ജസീന എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ചർച്ചയിൽ സജീവമായി ഇടപെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സംവാദത്തിന് കൂടുതൽ വൈവിധ്യവും പ്രസക്തിയും നൽകി.ചർച്ചയിൽ മെഹബൂബ അനീസ്, ആയിഷ പി.ടി.പി., റഹ്ന, ശോഭ, വിജയലക്ഷ്മി, മഞ്ജു മോഹൻ, നൗഷബ, ലുബാബ എന്നിവരും പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചയ്ക്ക് കൂടുതൽ വൈവിധ്യവും ആശയസമ്പുഷ്ടതയും നൽകി.
ഇസ്ലാമിൽ സ്ത്രീക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ തിരുത്താനും യാഥാർഥ്യങ്ങൾ സമൂഹത്തിന് മുന്നിൽ വ്യക്തമാക്കാനും ഇത്തരം സംവാദങ്ങൾ ഉപകരിക്കുമെന്ന് ചർച്ച വിലയിരുത്തി.ചർച്ചയുടെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ച് വർദ്ദ അൻവർ ചർച്ചാസമാഹരണവും സമാപന വാക്കുകളും നടത്തി. തുടർന്ന് സൂഫിയ സാജിദ് നന്ദി രേഖപ്പെടുത്തി.



