കുവൈത്ത് സിറ്റി, ജൂലൈ 7: മാസങ്ങളായി കാണാതായിരുന്ന ഇന്ത്യൻ പ്രവാസിയുടെ ദുരൂഹ തിരോധാനത്തിന് ഒടുവിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. അൽ-സൽമി മരുഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ വിഭാഗം കണ്ടെത്തി. ജോലിക്കിടെ ഉണ്ടായ മാരക അപകടം മറച്ചുവെക്കാൻ മൃതദേഹം രഹസ്യമായി സംസ്കരിച്ചെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നത്.മാർച്ച് 19, 2026-ന് ഹെവി ഉപകരണങ്ങളുടെ ഉടമയോടൊപ്പം അറ്റകുറ്റപ്പണി നടത്താനായി അൽ-സൽമി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ തൊഴിലാളിയെ തുടർന്ന് കാണാതാവുകയായിരുന്നു. ബന്ധപ്പെടാനാകാതായതോടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ട്രാഫിക് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തൊഴിലാളി പ്രതിക്കൊപ്പമാണ് മരുഭൂമിയിലേക്ക് പോയതെന്നും, എന്നാൽ മടങ്ങിവന്ന വാഹനത്തിൽ തൊഴിലാളി ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
തുടർന്ന് പ്രതിയുടെ മകനെ അറസ്റ്റ് ചെയ്തപ്പോൾ, അറ്റകുറ്റപ്പണിക്കിടെ ക്രെയിൻ മറിഞ്ഞ് തൊഴിലാളി മരണപ്പെട്ടതായി ഇയാൾ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടം അധികൃതരെ അറിയിക്കാതെ പിതാവിനൊപ്പം മൃതദേഹം അൽ-സൽമി മരുഭൂമിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നും ഇയാൾ മൊഴി നൽകി.പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം മാറ്റി.ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടതായി കരുതുന്ന രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇയാൾ കുവൈത്തിൽ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒളിഞ്ഞുകിടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും അന്വേഷണ സംഘങ്ങളുടെ കാര്യക്ഷമതയാണ് ഈ കേസ് തെളിയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



