കുവൈറ്റ് സിറ്റി: ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് കുവൈറ്റിലും വിലയേറിയ ലോഹങ്ങളുടെ വിലയിൽ വ്യതിയാനം. കുവൈറ്റിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 40.800 ദിനാറിലും (ഏകദേശം 132 യു.എസ് ഡോളർ), 22 കാരറ്റ് സ്വർണം ഗ്രാമിന് 37.400 ദിനാറിലുമാണ് (ഏകദേശം 121 യു.എസ് ഡോളർ) വ്യാപാരം പുരോഗമിക്കുന്നത്. ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 684 ദിനാറിലെത്തി (ഏകദേശം 2,222 യു.എസ് ഡോളർ).
കുവൈറ്റിലെ ‘ദാർ അൽ സബായെക്’ കമ്പനി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അന്താരാഷ്ട്ര ധനനയങ്ങൾ, ഊർജ്ജ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയാണ് പ്രാദേശിക സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോൾ സ്വർണവില ഔൺസിന് 4,054 യു.എസ് ഡോളറിലെത്തി നിൽക്കുന്നു. തൊട്ടുമുൻപത്തെ . സെഷനുകളിലെ നഷ്ടത്തിൽ നിന്ന് തിരിച്ചുകയറിയെങ്കിലും തുച്ഛമായ നേട്ടം മാത്രമാണ് ആഗോള വിപണിയിൽ രേഖപ്പെടുത്തിയത്.
മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളും ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതും വിപണിയിൽ ജാഗ്രത പുലർത്താൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷകൾ ശക്തമായത് പലിശ ഇതര സമ്പാദ്യമെന്ന നിലയിൽ സ്വർണത്തോടുള്ള ആകർഷണം കുറച്ചുവെന്നും, ഇത് മൂലം സമീപകാലത്തെ ചെറിയ നേട്ടങ്ങൾക്കിടയിലും സ്വർണവിലയ്ക്ക് മേൽ സമ്മർദ്ദം തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



