ഏറെ നിരൂപക പ്രശംസകൾ നേടിയ ‘ഫാമിലി’ എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ഏകദേശം’ Filmfest Aachen 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ‘The Uncertainty Principle’ എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റിൽ. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത്.
കൊച്ചിയെ പശ്ചാത്തലമാക്കി, സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളെ പിന്തുടരുന്ന ചിത്രമാണ് ഏകദേശം (The Uncertainty Principle). അനിശ്ചിതമായ തൊഴിൽ സാഹചര്യങ്ങൾ, ബന്ധങ്ങൾ, വിട്ടുവീഴ്ചകൾ, ജീവിതത്തിലെ ദൈനംദിന അസ്ഥിരതകൾ എന്നിവയ്ക്കിടയിൽ സ്വന്തം ജീവിതത്തിന് ഒരു ഇടം കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Artisan Films അവതരിപ്പിക്കുന്ന ഏകദേശം, ഡോൺ പാലത്തറയുടെ ഏഴാമത്തെ ഫീച്ചർ ചിത്രമാണ്. സമകാലിക മലയാള സിനിമയിലെ ശ്രദ്ധേയരായ നിരവധി അഭിനേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന ഒരു എൻസെംബിൾ ചിത്രവുമാണിത്. റോഷൻ മാത്യു, ജിതിൻ പുത്തഞ്ചേരി, ദിവ്യ പ്രഭ, വിനയ് ഫോർട്ട്, ആർഷ ബൈജു, മഹേഷ് നാരായണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ ആൻഡ്രൂസ്, അരുൺ ചെറുകാവിൽ എന്നിവരും വേഷമിടുന്നുണ്ട്.



