കുവൈത്ത് സിറ്റി, ജൂലൈ 27: റോഡിൽ തകരാറിലായ വാഹനം ദീർഘസമയം ഉപേക്ഷിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി വാഹനം പിടിച്ചെടുക്കുമെന്നും വാഹന ഉടമയ്‌ക്കെതിരെ ട്രാഫിക് പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ അറിയിച്ചു.’
ഗുഡ് മോർണിംഗ് കുവൈത്ത്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ വിവിധ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലിക റോഡ് അടച്ചിടലുകളും ഗതാഗത നിയന്ത്രണങ്ങളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് അൽ മഗ്രിബ് റോഡിലേക്കുള്ള പ്രവേശനവും അൽ മഗ്രിബ് റോഡിലെ രണ്ട് ലെയിനുകളും, ബയാൻ പാലസിന് സമീപമുള്ള കിംഗ് ഫഹദ് റോഡിലെ രണ്ട് ലെയിനുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വാഹനയാത്രക്കാർ ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും ബദൽ വഴികൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വേനൽക്കാലത്ത് കടുത്ത ചൂട് കാരണം ഹൈവേകളിൽ വാഹനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത്തരം സാഹചര്യത്തിൽ വാഹനം റോഡിന്റെ വലതുവശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കുകയും മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കുകയും എത്രയും വേഗം ടോ ചെയ്ത് മാറ്റുകയും വേണമെന്ന് നിർദേശിച്ചു.അവധി ദിവസങ്ങളിൽ കരമാർഗം യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുമ്പ് ടയർ, ബ്രേക്ക്, എൻജിൻ ഓയിൽ, കൂളന്റ് എന്നിവ പരിശോധിക്കുകയും വാഹന രജിസ്ട്രേഷൻ കാലാവധി സാധുവാണെന്ന് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളിലേക്ക് സാധുവായ പ്രാദേശിക ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യാത്ര ചെയ്യാമെങ്കിലും, *ജിസിസിക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് (International Driving Permit) നിർബന്ധമായും കൈവശം വയ്ക്കണം* എന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പ്രവാസികൾക്ക് കുടിശ്ശിക ട്രാഫിക് പിഴകൾ അടയ്ക്കാതെ കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ കുവൈത്ത് വിടാൻ അനുമതിയില്ലെന്നും യാത്രയ്ക്ക് മുമ്പ് എല്ലാ ട്രാഫിക് പിഴകളും തീർപ്പാക്കണമെന്ന് ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ഓർമ്മിപ്പിച്ചു.



