കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളിൽ നിന്ന് ഈടാക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസിലൂടെ സർക്കാരിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിൽ ആരോഗ്യ ഇൻഷുറൻസ് വരുമാനം 312 ദശലക്ഷം കുവൈത്ത് ദിനാറായി ഉയരുമെന്നാണ് സർക്കാർ ബജറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 120 ദശലക്ഷം ദിനാറായിരുന്നു പ്രതീക്ഷിച്ചിരുന്ന വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 192 ദശലക്ഷം ദിനാറിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 160 ശതമാനത്തിന്റെ വർധനവാണിത്.2025 ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വന്ന വിദേശികൾക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമവും ഫീസ് പരിഷ്കരണവുമാണ് വരുമാന വർധനവിന്റെ പശ്ചാത്തലം.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അംഗീകരിച്ച 306/2025 നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ നടപ്പിലാക്കിയത്.ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രണ്ട് പുതിയ പദ്ധതികളുടെ ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്ര വിഭാഗങ്ങൾക്കും വകുപ്പുകൾക്കുമായി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം എന്നിവയാണ് ആദ്യ പദ്ധതി. ഇതിനായി ആറ് കമ്പനികൾ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്.എൻജിനീയറിങ് അഫയേഴ്സ് ആൻഡ് പ്രോജക്ട്സ് വിഭാഗത്തിന്റെ വിപുലീകരണമാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി അഞ്ച് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെയും സേവനങ്ങൾ തേടിയെത്തുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്.പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസിലൂടെ പ്രതീക്ഷിക്കുന്ന വരുമാനത്തിലെ വർധന കുവൈത്തിന്റെ ആരോഗ്യ മേഖലയിലെ സാമ്പത്തിക സംവിധാനത്തിൽ പ്രധാന മാറ്റമായി വിലയിരുത്തപ്പെടുന്നു.അതേസമയം, 312 ദശലക്ഷം ദിനാർ എന്നത് നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാനമാണെന്നും ഇതിനകം പിരിച്ചെടുത്ത തുകയല്ലെന്നും ബജറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.



