കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി പ്രവർത്തിക്കുന്ന ആറ് പോലീസ് സ്റ്റേഷനുകൾ നവീകരിച്ച് മാതൃകാ പോലീസ് സ്റ്റേഷനുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒക്ടോബർ 18 ഞായറാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പോലീസ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടത്തുന്നതിനാണ് നടപടി. നവീകരണ കാലയളവിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സമീപത്തെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
താൽക്കാലികമായി അടച്ചിടുന്ന പോലീസ് സ്റ്റേഷനുകളും പകരം സേവനം ലഭിക്കുന്ന സ്റ്റേഷനുകളും:1\. ക്യാപിറ്റൽ ഗവർണറേറ്റ്: ഷാമിയ പോലീസ് സ്റ്റേഷന് പകരം കൈഫാൻ പോലീസ് സ്റ്റേഷൻ.2\. ജഹ്റ ഗവർണറേറ്റ്: ഖസർ പോലീസ് സ്റ്റേഷന് പകരം നഈം പോലീസ് സ്റ്റേഷൻ.3\. ഫർവാനിയ ഗവർണറേറ്റ്: ഫർവാനിയ പോലീസ് സ്റ്റേഷന് പകരം ഒമരിയ പോലീസ് സ്റ്റേഷൻ.4\. മുബാറക് അൽ കബീർ ഗവർണറേറ്റ്: മുബാറക് അൽ കബീർ പോലീസ് സ്റ്റേഷന് പകരം അബു ഫുതൈറ പോലീസ് സ്റ്റേഷൻ.5\. ഹവല്ലി ഗവർണറേറ്റ്: ഷുഹദ പോലീസ് സ്റ്റേഷന് പകരം സിദ്ദീഖ് പോലീസ് സ്റ്റേഷൻ.6\. അഹ്മദി ഗവർണറേറ്റ്: നോർത്ത് സബാഹ് അൽ അഹ്മദ് പോലീസ് സ്റ്റേഷന് പകരം സൗത്ത് സബാഹ് അൽ അഹ്മദ് പോലീസ് സ്റ്റേഷൻ.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ പരാതികൾ നൽകുന്നതിനും മറ്റ് പോലീസ് സേവനങ്ങൾക്കുമായി പൊതുജനങ്ങൾ നിർദേശിച്ചിരിക്കുന്ന ബദൽ സ്റ്റേഷനുകളെ സമീപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.രാജ്യത്തെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.അതേസമയം, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റേഷനുകൾ വീണ്ടും തുറക്കുന്ന തീയതി അധികൃതർ വ്യക്തമാക്കിയിട്ടില്ല.



