കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾ പേപ്പർ രൂപത്തിൽ നൽകുന്നത് അവസാനിപ്പിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 25 മുതൽ വാഹന ഇൻഷുറൻസ് രേഖകൾ ‘ബീമ’ (Bima) എന്ന ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.
പുതുക്കിയ ബീമ സംവിധാനത്തിന്റെ പരീക്ഷണഘട്ടം 2026 ഒക്ടോബർ 25 മുതൽ ഡിസംബർ 31 വരെ നടപ്പാക്കും. അംഗീകൃത ഇലക്ട്രോണിക് സംവിധാനത്തിന് പുറത്തുനിന്ന് നൽകുന്ന ഇൻഷുറൻസ് രേഖകൾക്ക് നിയമപരമായ അംഗീകാരം ഉണ്ടായിരിക്കില്ല.അതേസമയം, വാഹന ഉടമകൾക്ക് ഇൻഷുറൻസ് എടുക്കുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങളിൽ മാറ്റമുണ്ടാകില്ല. ഇൻഷുറൻസ് കമ്പനികളെയോ അംഗീകൃത ഇൻഷുറൻസ് ബ്രോക്കർമാരെയോ നേരിട്ട് സമീപിച്ച് പോളിസികൾ എടുക്കാൻ സാധിക്കും. എന്നാൽ പോളിസി നൽകുന്നത് നിർബന്ധമായും ബീമ ഇലക്ട്രോണിക് സംവിധാനം വഴിയായിരിക്കണം.ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ മാത്രമേ അനുവദിക്കൂ. പണമായി നേരിട്ട് പണമടയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറുകൾ മൂലം ഇലക്ട്രോണിക് സംവിധാനം പ്രവർത്തിക്കാത്ത പ്രത്യേക സാഹചര്യങ്ങളിൽ അധികൃതരുടെ നിബന്ധനകൾക്ക് വിധേയമായി പേപ്പർ രേഖകൾ അനുവദിക്കാം. കൂടാതെ, നിയമപരമായ താമസരേഖകളില്ലാത്ത വിഭാഗത്തിൽപ്പെടുന്നവരുടെ സ്വകാര്യ വാഹന ഇൻഷുറൻസിന് നിശ്ചിത വ്യവസ്ഥകളോടെ പേപ്പർ രേഖകൾ നൽകുന്നത് തുടരും.വ്യാജ ഇൻഷുറൻസ് രേഖകൾ തടയുക, ഇൻഷുറൻസ് നിരക്കുകളിലെ കൃത്രിമം ഒഴിവാക്കുക, നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇൻഷുറൻസ് കമ്പനികളുടെയും ബ്രോക്കർമാരുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും വാഹന ഇൻഷുറൻസ് വിവരങ്ങൾ ഏകീകൃത സംവിധാനത്തിൽ ലഭ്യമാക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് വ്യക്തമാക്കി.പുതിയ നിർദേശങ്ങൾ ലംഘിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



