കുവൈറ്റ് സിറ്റി: കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചയെത്തുടർന്ന് പൊതുമുതലിന് വൻ നഷ്ടം വരുത്തിവച്ച നാല് സർക്കാർ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ട് കുവൈറ്റ് മിസ്ഡെമനർ കോടതി. രണ്ട് കുവൈറ്റ് പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ സ്വദേശികളും ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇക്കാരുടെ അശ്രദ്ധ കാരണം 3,83,000-ത്തിലധികം കുവൈറ്റ് ദിനാറിന്റെ (ഏകദേശം 10 കോടിയിലധികം രൂപ) നഷ്ടമാണ് പൊതുമുതലിനുണ്ടായത്.
കരാറുകളുടെ സാധ്യതകൾ കൃത്യമായി പരിശോധിക്കുന്നതിലും, നിർവ്വഹണം നിരീക്ഷിക്കുന്നതിലും, പർച്ചേസ് ഓർഡറുകളും കരാർ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഇവർ കാണിച്ച അനാസ്ഥയാണ് വൻ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് പ്രതികൾക്കായി 5,000 ദിനാർ മുതൽ 20,000 ദിനാർ വരെ പിഴയാണ് കോടതി ചുമത്തിയത്.
കമ്പനികളുമായുള്ള കരാറുകൾ പുനഃപരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചയും കരാർ ബാധ്യതകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതുമാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. സാമ്പത്തിക പിഴയ്ക്ക് പുറമെ ഇവരെ നാലുപേരെയും ഔദ്യോഗിക പദവികളിൽ നിന്നും സർക്കാർ ജോലിയിൽ നിന്നും ഉടനടി നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.



