കുവൈത്ത് സിറ്റി: വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും വഴി വ്യക്തിഗത വിവരങ്ങളും പണവും തട്ടാനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുവൈത്ത് സെൻട്രൽ ബാങ്ക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സർക്കാർ മന്ത്രാലയങ്ങളെയും ഔദ്യോഗിക സ്ഥാപനങ്ങളെയും അനുകരിക്കുന്ന വ്യാജ അക്കൗണ്ടുകൾ “പരാതി സമർപ്പിക്കൽ സേവനം” എന്ന പേരിൽ സംശയാസ്പദമായ ലിങ്കുകൾ പ്രചരിപ്പിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും കവർച്ച ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.ജനങ്ങൾ ഇത്തരം അക്കൗണ്ടുകളുമായി ഇടപെടുന്നതും അനധികൃത ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗികമായി സ്ഥിരീകരിച്ച വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ നടത്തുന്ന സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്നതായും, വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ഉറവിടം ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനും സൈബർ സുരക്ഷ ബോധവത്കരണം വർധിപ്പിക്കാനും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
