കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന പാതകളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) നാളെ മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഏപ്രിൽ 28 ചൊവ്വാഴ്ച പുലർച്ചെ മുതൽ 15 ദിവസത്തേക്കാണ് റോഡ് ഭാഗികമായി അടച്ചിടുന്നത്. ഫുനൈതീസിനും അബു ഫുത്തൈറയ്ക്കും എതിർവശത്തുള്ള പാതയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതുവഴിയുള്ള എമർജൻസി ലെയ്ൻ, വലതുവശത്തെ ലെയ്ൻ, മിഡിൽ ലെയ്നിന്റെ പകുതി ഭാഗം എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.കൂടാതെ നുവൈസീബ് ദിശയിലുള്ള റോഡ് 208-ലേക്കുള്ള ബ്രിഡ്ജ് എൻട്രൻസും ഈ കാലയളവിൽ പൂർണ്ണമായും അടച്ചിടും.
റോഡ് നവീകരണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.
