കുവൈത്ത്: കുവൈത്തിൽ കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഈ ആഴ്ച മുതൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥയിൽ ക്രമേണ മാറ്റങ്ങൾ അനുഭവപ്പെടുമെന്നും കാറ്റിന്റെ ദിശയിൽ വ്യതിയാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആഴ്ച വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും താരതമ്യേന ഉയർന്ന ഈർപ്പം അനുഭവപ്പെടുമ്പോൾ മരുഭൂമി പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും.
അതേസമയം, വരും ദിവസങ്ങളിൽ കുവൈത്ത്, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഈസ റമദാൻ അറിയിച്ചു.എന്നാൽ ഗൾഫ് മേഖലയിൽ മഴക്കാലം യഥാർത്ഥത്തിൽ ആരംഭിക്കുന്നത് നവംബർ മാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഒക്ടോബർ മാസത്തിലും കുവൈത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെട്ടിരുന്നു. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയ സാഹചര്യത്തിലാണ് പുതിയ കാലാവസ്ഥാ പ്രവചനം.താപനില ക്രമേണ കുറയുന്നതോടെ വരും ദിവസങ്ങളിൽ പകൽ സമയത്തെ കടുത്ത ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.



