കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ബോക്സുകൾക്കെതിരെ അധികൃതർ പരിശോധന നടത്തി.പരിശോധനയുടെ ഭാഗമായി മൂന്ന് വസ്ത്രശേഖരണ ബോക്സുകൾ നീക്കം ചെയ്യുകയും രണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന വസ്ത്രശേഖരണ ബോക്സുകൾ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന.
മംഗഫ്, സബാഹിയ എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ സ്ഥാപിച്ച മൂന്ന് വസ്ത്രശേഖരണ ബോക്സുകൾ നീക്കം ചെയ്തത്. പൊതുസ്ഥലങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ഏഴ് മുന്നറിയിപ്പ് നോട്ടീസുകൾ നൽകുകയും ചെയ്തു.അഹമ്മദി മുനിസിപ്പാലിറ്റിയിലെ പൊതുശുചിത്വ, റോഡ് അധിനിവേശ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിയമലംഘനങ്ങൾ കണ്ടെത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അഹമ്മദി മുനിസിപ്പാലിറ്റി ഡയറക്ടർ സാദ് അൽ ഖുറൈഞ്ച് അറിയിച്ചു.മുനിസിപ്പാലിറ്റി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



