കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ സബാഹ് അൽ അഹ്മദ് സീ സിറ്റിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ സുരക്ഷാ പരിശോധന നടത്തി. ഓപ്പറേഷൻസ് ആൻഡ് പെട്രോൾസ് ഡിപ്പാർട്ട്മെന്റും നെഗറ്റീവ് ഫെനോമിന കമ്മറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനും, നിയമലംഘകരെയും വാണ്ടഡ് പ്രതികളെയും പിടികൂടുന്നതിനുമാണ് ഈ പ്രത്യേക കാമ്പെയ്ൻ സംഘടിപ്പിച്ചത്.
പരിശോധനയുടെ ഭാഗമായി വിവിധ നിയമലംഘനങ്ങളും അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 127 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി. വിവിധ കേസുകളിൽ പിടികിട്ടാനുള്ള 16 വാണ്ടഡ് പ്രതികളെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 11 പേരെയും, റെസിഡൻസി-തൊഴിൽ നിയമങ്ങൾ ലംഘിച്ച 8 പേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. കൂടാതെ അനധികൃതമായി കച്ചവടം നടത്തിയ 3 തെരുവു കച്ചവടക്കാരെയും പിടികൂടി.
പരിശോധനയ്ക്കിടയിൽ മയക്കുമരുന്ന് കൈവശം വെച്ച ഒരാളെയും മദ്യം കൈവശം വെച്ച മറ്റൊരു വ്യക്തിയെയും കസ്റ്റഡിയിലെടുത്തു. മാനസിക പരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു വാണ്ടഡ് വ്യക്തിയെയും കോടതിയുടെ ആവശ്യപ്രകാരം പിടികൂടേണ്ടിയിരുന്ന 2 വാഹനങ്ങളെയും അധികൃതർ പിടിച്ചെടുത്തു. ബാച്ചിലർ താമസസ്ഥലങ്ങളായി മാറ്റിയ മൂന്ന് പ്ലോട്ടുകളിലെ വൈദ്യുതി വിതരണവും കമ്മറ്റിയുടെ നിർദ്ദേശപ്രകാരം വിച്ഛേദിച്ചു. പിടിയിലായ മുഴുവൻ നിയമലംഘകരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



