കുവൈത്ത് സിറ്റി: ഒഐസിസി കുവൈത്തിന്റെ നേതൃത്വത്തിൽ ഓണപ്പൊലിമ & അച്ചീവേഴ്‌സ് അവാർഡ് 2026 ഈ വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 23) സംഘടിപ്പിക്കുന്നു. സാൽമിയയിലെ സുമെറദാ (Zumerida Hall) ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണത്തിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്ന ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസുകളിൽ മികച്ച വിജയം നേടിയ ഒഐസിസി അംഗങ്ങളുടെ മക്കളെ ആദരിക്കുന്ന അച്ചീവേഴ്‌സ് അവാർഡ് ചടങ്ങും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
പരിപാടിയുടെ വിജയത്തിനായി ഒഐസിസി കുവൈത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്.ഒഐസിസി കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാമും വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.



