കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, അടുത്ത ഞായറാഴ്ച മുതൽ സർക്കാർ വകുപ്പുകളിൽ 100% ജീവനക്കാരുടെ സാന്നിധ്യത്തോടെ സാധാരണ ജോലിസമയം പുനരാരംഭിക്കാൻ തീരുമാനിച്ചു. ജോലിസമയത്തിലെ ഇളവുകൾ അവസാനിപ്പിച്ച് സായാഹ്ന ജോലികളും പുനരാരംഭിക്കും.
ഇതിനൊപ്പം, എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളിലുമുള്ള ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് അടുത്ത ഞായറാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ വീണ്ടും ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായ് വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
