കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ സ്റ്റാഫ് നിയമനങ്ങൾക്ക് പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും ഏർപ്പെടുത്തിക്കൊണ്ടുള്ള 75/2026 നമ്പർ മന്ത്രിതല പ്രമേയത്തിന് അംഗീകാരമായി. 2027 ജനുവരി 1 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമമനുസരിച്ച്, മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർ റെസിഡന്റ് ഫിസിഷ്യൻ അല്ലെങ്കിൽ രജിസ്റ്റേർഡ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം ലഭിക്കുന്നതിന് മുൻപായി ദേശീയ ലൈസൻസിംഗ് പരീക്ഷകളിൽ നിർബന്ധമായും വിജയിച്ചിരിക്കണം.ഹ്യൂമൻ മെഡിസിൻ: കുവൈറ്റ് മെഡിക്കൽ ലൈസൻസിംഗ് എക്സാമിനേഷൻ (KMLE) വിജയിച്ചിരിക്കണം.
ദന്തചികിത്സ: കുവൈറ്റ് ഡെന്റൽ ലൈസൻസിംഗ് എക്സാമിനേഷൻ (KDLE) വിജയിച്ചിരിക്കണം.ഈ പരീക്ഷകളുടെ മേൽനോട്ടത്തിനായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസിന് (KIMS) കീഴിൽ ഒരു ‘കുവൈറ്റ് എക്സാമിനേഷൻ ബോർഡ്’ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. കിംസ് സെക്രട്ടറി ജനറൽ അധ്യക്ഷനായ ഈ ബോർഡിൽ പ്രമുഖ അക്കാദമിക് വിദഗ്ധരും ആരോഗ്യരംഗത്തെ പ്രമുഖരും അംഗങ്ങളായിരിക്കും. മെഡിക്കൽ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.
