കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനാ ക്യാംപെയ്നിൽ വ്യാപാര ലൈസൻസ്, പരസ്യ നിയമലംഘനങ്ങൾക്കെതിരെ 90 കേസുകൾ രജിസ്റ്റർ ചെയ്തു.
മുനിസിപ്പൽ സർവീസസ് വിഭാഗത്തിലെ ഓഡിറ്റ് & ഫോളോ-അപ്പ് വകുപ്പ് വിവിധ പ്രദേശങ്ങളിൽ ഫീൽഡ് പരിശോധന നടത്തി കടകളും സ്ഥാപനങ്ങളും ആരോഗ്യ-പരസ്യ ലൈസൻസ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. വില പ്രദർശനം ഉൾപ്പെടെയുള്ള വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ക്യാംപെയ്നിന്റെ ലക്ഷ്യമായിരുന്നു. അനുമതിയില്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കൽ, പ്രമോഷൻ മെറ്റീരിയലുകൾ സ്ഥാപിക്കൽ, നിലവിലുള്ള ലൈസൻസ് പുതുക്കാത്തത് തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. 90 നിയമലംഘനങ്ങൾ രേഖപ്പെടുത്തി, സ്ഥലത്തുതന്നെ ആവശ്യമായ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
മറ്റു ഗവർണറേറ്റുകളിലേക്കും പരിശോധന ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അടുത്ത ആഴ്ചകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.വ്യാപാര സ്ഥാപനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനുമായി ഇത്തരം ക്യാംപെയ്നുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
