അമേരിക്കയുടെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ അസ്‌റഖില്‍ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു. ബഹ്‌റൈനിലെ അമേരിക്കന്‍ ഫിഫ്ത് ഫ്‌ളീറ്റിലും ആക്രമണം നടത്തിയിട്ടുണ്ട്. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന്റെ പിന്നാലെയാണ് ഇറാന്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നാണ് യുഎസിന്റെ വാദം.
ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയും ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങിലുമാണ് അമേരിക്കയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്തു.
വളരെ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ‘ഒരു പ്രതികരണം നടത്തണമെന്നത് പ്രധാനപ്പെട്ടതായിരുന്നു. അവര്‍ ഒരു ഹെലികോപ്റ്റര്‍ തകര്‍ത്തു, ഞങ്ങള്‍ പ്രതിരോധിച്ചു. അവര്‍ ചെയ്തതിനുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചത്’, ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഒരു ആക്രമണത്തിനും തിരിച്ചടിയില്ലാതെ പോകില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.

