കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് സബ്‌സിഡി നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും വൻ സംഘടിത ശൃംഖലകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട്. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ നടന്ന തുടർച്ചയായ പരിശോധനകളും വസ്തുക്കൾ പിടിച്ചെടുക്കലുകളുമാണ് ഇതിന് പിന്നിലെ സംഘടിത സ്വഭാവം പുറത്തുക്കൊണ്ടുവന്നത്.
രാജ്യത്തിനുള്ളിൽ ഇവ ശേഖരിക്കുകയും സംഭരിക്കുകയും വീണ്ടും പാക്ക് ചെയ്യുകയും ചെയ്ത ശേഷം ട്രക്കുകൾ വഴി അതിർത്തി കടത്തുകയാണ് ഇത്തരക്കാരുടെ രീതി.ഇത്തരം അനധികൃത നീക്കങ്ങൾ ശക്തമായതോടെ കുവൈറ്റ് അധികൃതർ നിരീക്ഷണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്. വെയർഹൗസുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും രാജ്യത്തിനകത്തെ കള്ളക്കടത്ത് ശൃംഖലകളെ കണ്ടെത്താനുള്ള അന്വേഷണവും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളും വേഗത്തിലാക്കി. പൊതുജനക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കാനും സബ്‌സിഡി തുക ദുരുപയോഗം ചെയ്യുന്നത് തടയാനുമുള്ള സർക്കാരിന്റെ കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
അതേസമയം, ഈ ഓഗസ്റ്റിൽ നടന്ന ഏറ്റവും പുതിയ റെയ്ഡോടെ ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് വിഷയം വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. സുലൈബിയ, ശുബ്ര അൽ ഖൊദാർ കസ്റ്റംസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ ഈജിപ്തിലേക്ക് പുറപ്പെടാൻ തയ്യാറായ വാണിജ്യ ട്രക്കുകളിൽ നിന്ന് വലിയ തോതിൽ സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു. ട്രക്കുകൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്ന ഈ ഭക്ഷ്യശേഖരം കസ്റ്റംസ് വിഭാഗം വിജയകരമായി പിടിച്ചെടുത്തു.



