കുവൈത്ത്സിറ്റി: വിദേശി താമസ നിയമത്തിൽ നിർണായക ഭേദഗതികൾ വരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന് പുറത്ത് തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ കഴിയുന്നവർക്കുള്ള യാത്രാ വിലക്കിൽ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതിനൊപ്പം, പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് 10 വർഷം വരെ താമസമനുമതി നൽകാനും തീരുമാനമായി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഒപ്പുവെച്ച 2026-ലെ 1410-ാം നമ്പർ മന്ത്രിതല തീരുമാനത്തിലാണ് ഈ നിർണായക മാറ്റങ്ങളുള്ളത്. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴി ഉത്തരവ് പ്രാബല്യത്തിൽ വന്നു.പുതിയ ഭേദഗതി പ്രകാരം, 1959-ലെ അമീരി ഉത്തരവ് അനുസരിച്ച് കുവൈത്ത് പൗരത്വം റദ്ദാക്കപ്പെടുകയും പിന്നീട് സ്വന്തം രാജ്യത്തെ പൗരത്വത്തിലേക്ക് മടങ്ങുകയോ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുകയോ ചെയ്ത വ്യക്തികൾക്ക് 10 വർഷം വരെ റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഇവർക്കൊപ്പം ആശ്രിത വിസയിൽ പൗരത്വം നേടുകയും പിന്നീട് അത് നഷ്ടപ്പെടുകയും ചെയ്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
റസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ നിബന്ധനകൾക്ക് വിധേയമായി ഇവർക്ക് രാജ്യത്ത് ജോലി ചെയ്യാനും അനുമതിയുണ്ടാകും. കൂടാതെ, ഇത്തരത്തിൽ താമസമനുമതി ലഭിക്കുന്നവരെ വാർഷിക റെസിഡൻസി ഫീസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.സാധാരണഗതിയിൽ താമസ വിസയുള്ള വിദേശികൾ തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാൻ പാടില്ലെന്ന നിയമത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് പുറമെ, കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾ (വിവാഹത്തിലൂടെ കുവൈത്ത് പൗരത്വം ലഭിക്കാത്തവർ), സ്വന്തമായി വസ്തുവകകൾ ഉള്ള വിദേശികൾ, ബോർഡ് ഓഫ് മിനിസ്റ്റേഴ്സിന്റെ മാനദണ്ഡങ്ങൾക്ക് വിധേയരായ നിക്ഷേപകർ എന്നിവരെയും ആറു മാസത്തെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തക്കതായ കാരണങ്ങളോടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സിന്റെ പ്രത്യേക അനുമതി നേടുന്ന മറ്റു വിദേശികൾക്കും വിസ കാലാവധിക്കുള്ളിൽ ആറു മാസത്തിൽ കൂടുതൽ പുറത്തുനിൽക്കാൻ അനുവാദമുണ്ടാകും.



