കുവൈത്ത് സിറ്റി, സെപ്റ്റംബർ 8: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരായ പരിശോധന ശക്തമായി തുടരുന്നതിനിടെ, 2026 ജനുവരി 1 മുതൽ ഓഗസ്റ്റ് 30 വരെ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളുമായി ബന്ധപ്പെട്ട 164 കസ്റ്റംസ് പിടിച്ചെടുക്കൽ കേസുകൾ രജിസ്റ്റർ ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.ഇതിനിടെ, സാധാരണ പേപ്പറുകളിലും അച്ചടിച്ച കടലാസുകളിലും പുസ്തകത്തിന്റെ പേജുകളിലും രാസ ലഹരിവസ്തുക്കൾ പുരട്ടിയോ കുതിർക്കുകയോ ചെയ്ത് കടത്തുന്ന പുതിയ രീതി അധികൃതർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇത്തരത്തിലുള്ള ഏഴ് കേസുകൾ കുവൈത്ത് കസ്റ്റംസ് കണ്ടെത്തിയതായി കസ്റ്റംസ് പോർട്സ് അഫയേഴ്സ് ഡെപ്യൂട്ടി ഹെഡ് സാലിഹ് അൽ ഒമർ അറിയിച്ചു.പുറമേ നോക്കുമ്പോൾ സാധാരണ പേപ്പർ പോലെ തോന്നുന്നതിനാൽ ഇത്തരം ലഹരി വസ്തുക്കൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്.
പേപ്പറിന്റെ രൂപം മാത്രം പരിശോധിച്ച് അതിലുള്ള ലഹരിവസ്തുവിന്റെ സ്വഭാവമോ അളവോ കണ്ടെത്താൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. പാർസലുകളിലും സാധാരണ ചരക്കുകളിലും ഇത്തരം പേപ്പറുകൾ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.റിസ്ക് അനാലിസിസ്, എക്സ്-റേ സംവിധാനങ്ങൾ, ആധുനിക പരിശോധനാ സാങ്കേതികവിദ്യകൾ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിചയം എന്നിവ സംയോജിപ്പിച്ചാണ് സംശയാസ്പദമായ ചരക്കുകൾ കണ്ടെത്തുന്നത്.
ആഭ്യന്തര മന്ത്രാലയവുമായി വിവരങ്ങൾ പങ്കുവെച്ചും പരിശോധനകൾ ശക്തമാക്കുന്നുണ്ട്.സംശയകരമായ പേപ്പറുകളോ അച്ചടിച്ച വസ്തുക്കളോ കണ്ടെത്തിയാൽ തൊടുകയോ മണക്കുകയോ സ്വയം പരിശോധിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വസ്തുക്കൾ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.
യാത്രക്കാർ മറ്റുള്ളവരുടെ ബാഗുകൾ, പാർസലുകൾ, പേപ്പറുകൾ അല്ലെങ്കിൽ മറ്റ് സാധനങ്ങൾ ഉള്ളടക്കം വ്യക്തമായി അറിയാതെ കൊണ്ടുപോകരുതെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് കടത്ത് സംഘങ്ങൾ അറിയാതെ യാത്രക്കാരെ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സ്വന്തം ലഗേജിലെ സാധനങ്ങൾ യാത്രക്കാർ തന്നെ പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.



