കുവൈത്ത് സിറ്റി: സബാഹ് അൽ-നാസറിൽ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കുവൈത്തി പൗരൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും 500 ദിനാർ കവരുകയും ചെയ്തതായി ആരോപിച്ച് അറബ് പ്രവാസി കരാറുകാരൻ പോലീസിൽ പരാതി നൽകി.
. കരാറനുസരിച്ച് നിർമാണപ്രവർത്തനം പൂർത്തിയാക്കിയതിന് പിന്നാലെ, ജോലി സംബന്ധമായ കാര്യങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് പൗരൻ തന്നെ ദിവാനിയയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കരാറുകാരൻ വെളിപ്പെടുത്തി. ദിവാനിയയിൽ വെച്ച് ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ജോലിസ്ഥലത്ത് വെച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുരക്ഷാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.തന്റെ വാലറ്റിലുണ്ടായിരുന്ന രണ്ടു ബാങ്ക് കാർഡുകളും 500 ദിനാറും പൗരൻ ബലമായി കവർന്നുവെന്നും സംഭവസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബാഹ് അൽ-നാസർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ, മർദ്ദനം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി അമ്പതിലേറെ വയസ്സുള്ള കുവൈത്തി പൗരനെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇൻവെസ്റ്റിഗേറ്റർ ഉത്തരവിട്ടു. മേൽനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായി സിഐഡി വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



