കുവൈത്ത് സിറ്റി: തലസ്ഥാനത്തെ പ്രമുഖ ഷോപ്പിംഗ് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്വദേശി പൗരന്റെ പഴ്സും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെ ഷാമിയ ഡിറ്റക്ടീവുകൾ പിടികൂടി. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. ട്രോളിയിൽ വെച്ചിരുന്ന തന്റെ ബാഗ് കാണാതായതായി കാണിച്ച് പൗരൻ ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ബ്രാൻഡഡ് പഴ്സ്, വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, മറ്റ് പ്രധാന പേപ്പറുകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കേസ് രജിസ്റ്റർ ചെയ്ത ഡിറ്റക്ടീവുകൾ ഉടൻ തന്നെ മാളിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും, ഒരാൾ ബാഗ് എടുത്ത് പുറത്തേക്ക് കടന്ന് വാഹനത്തിൽ കയറിപ്പോകുന്നതായി കണ്ടെത്തുകയും ചെയ്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലും തെളിവുകൾക്ക് മുന്നിലും പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന പഴ്സ് പ്രതിയിൽ നിന്ന് കണ്ടെടുത്തെന്നും, തിരിച്ചറിയൽ രേഖകളും മറ്റ് പേപ്പറുകളും മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയതായി പ്രതി വെളിപ്പെടുത്തിയതായും സുരക്ഷാ കേന്ദ്രങ്ങൾ അറിയിച്ചു.



