കുവൈറ്റ് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ശ്രമിച്ച മുപ്പതുകളിലുള്ള ലെബനീസ് യുവതിക്കെതിരെ കുവൈറ്റിൽ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
ഡ്രൈവിംഗ് ലൈസൻസിനായുള്ള അപേക്ഷയ്ക്കൊപ്പം യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി സുരക്ഷാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ മുൻപ് സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴിൽ പദവി മാറ്റങ്ങളും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തനിക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും, കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ബിരുദ യോഗ്യത ഇല്ലാത്തതിനാലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ മുതിർന്നതെന്നും ഇവർ സമ്മതിച്ചു. നിയമലംഘനം നടത്തിയ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറുകയും ചെയ്തു.



