കുവൈറ്റ് സിറ്റി: നിരോധന കാലയളവിന് ശേഷം സാമ്പത്തിക മേഖലയിലെ കടൽത്തീരങ്ങളിൽ മത്സ്യബന്ധനത്തിന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അനുമതി നൽകിയതോടെ കുവൈറ്റിൽ കൊഞ്ച് വേട്ട സീസണിന് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ മാത്രം 240 ബോട്ടുകൾ കടലിലിറങ്ങി 13 ടണ്ണിലധികം കൊഞ്ചുകളാണ് വിപണിയിലെത്തിച്ചത്. സമൃദ്ധമായ ലഭ്യതയും വരും ദിവസങ്ങളിൽ വില കുറയുമെന്ന പ്രതീക്ഷയുമാണ് പുതിയ സീസൺ നൽകുന്നത്.ശർഖ്, അൽ കോട്ട് വിപണികളിലായി ലഭിച്ച ആദ്യ സംഭരണം സീസൺ വിജയകരമാകുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് ഫിഷർമെൻ യൂണിയൻ മേധാവി അബ്ദുള്ള അൽ സർഹീദ് വ്യക്തമാക്കി. ആദ്യ ദിനത്തിൽ 600 കൊട്ട കൊഞ്ചുകളാണ് വിപണിയിൽ ലേലത്തിനെത്തിയത്.
അൽ കോട്ട് മാർക്കറ്റിൽ 23 കിലോഗ്രാം തൂക്കമുള്ള ഒരു കൊട്ട കൊഞ്ചിന് 30 മുതൽ 35 ദിനാർ വരെയും, ശർഖ് മാർക്കറ്റിൽ 45 മുതൽ 55 ദിനാർ വരെയുമായിരുന്നു ലേല വില. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ കടലിലിറങ്ങുന്നതോടെ വിപണിയിൽ വരവ് വർദ്ധിക്കുകയും വില ക്രമേണ കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ സർഹീദ് പറഞ്ഞു. നിലവിൽ വലിപ്പവും ഗുണനിലവാരവും അനുസരിച്ച് ‘നഈരിയ’ കൊഞ്ചിന് കിലോഗ്രാമിന് 1.5 ദിനാറിനടുത്താണ് വില വരുന്നത്. വിപണിയിൽ ആവശ്യത്തിന് കൊഞ്ച് ലഭ്യമായത് ഉപഭോക്താക്കൾക്കും ആശ്വാസമേകുന്നുണ്ട്.



