കുവൈറ്റ് സിറ്റി : ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ, അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു.
സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു.ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്ന രണ്ട് വാഹനങ്ങളും, മോഷണക്കേസിൽ തിരയപ്പെട്ടിരുന്ന ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തു. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന രണ്ട് മോട്ടോർസൈക്കിളുകൾ മുനിസിപ്പാലിറ്റി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളെ തുടർന്ന് 26 ഭക്ഷ്യസുരക്ഷാ നിയമലംഘന നോട്ടീസുകൾ അധികൃതർ നൽകി. അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമവിരുദ്ധ വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഇത്തരം സംയുക്ത പരിശോധനകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



